23, July, 2026
Updated on 23, July, 2026 75
തിരുവനന്തപുരം : ശബരിമലയിലെ തന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട നിർണായക തീരുമാനമെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും. നിലവിലെ തന്ത്രി കണ്ഠരര് രാജീവർ സ്ഥാനത്ത് തുടരണോ, അതോ പകരക്കാരനെ നിയമിക്കണോ എന്നതാണ് പ്രധാന അജണ്ട.സ്വർണക്കൊള്ളക്കേസിൽ പ്രതിയായതും ജാമ്യവ്യവസ്ഥകളുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുമൂലം രാജീവർക്ക് തന്ത്രിയുടെ ചുമതലകൾ നിർവഹിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. തന്റെ പകരക്കാരനായി മകൻ ബ്രഹ്മദത്തനെ തന്ത്രിസ്ഥാനത്ത് നിയമിക്കണമെന്നാവശ്യപ്പെട്ട് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ട്.തന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബോർഡിന് നിയമാനുസൃതമായ തീരുമാനം സ്വീകരിക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയമായും സാമൂഹികമായും വലിയ വിവാദങ്ങൾക്ക് വഴിവെച്ച വിഷയമായതിനാൽ ഇന്നത്തെ ദേവസ്വം ബോർഡ് യോഗത്തിലെ തീരുമാനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.