20, July, 2026
Updated on 20, July, 2026 4
2026 ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ സമ്പൂർണ്ണ ആധിപത്യത്തിന് മുന്നിൽ അർജന്റീനയ്ക്ക് കിരീടം അടിയറവ് വെക്കേണ്ടി വന്നു. ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പാനിഷ് പട ഫീൽഡിൽ ഉടനീളം കാഴ്ച്ചവെച്ച തകർപ്പൻ മേധാവിത്വത്തിന്റെ കണക്കുകൾ അർജന്റീനയുടെ പ്രതിരോധക്കോട്ടയെ നിഷ്പ്രഭമാക്കുന്നതായിരുന്നു. ഫൈനലിൽ നിശ്ചിത 90 മിനിറ്റിൽ സ്പെയിനിന്റെ ഗോൾപോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിയാതെ ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിൽ ഈ മോശം റെക്കോർഡ് കുറിക്കുന്ന ആദ്യ ടീമായി അർജന്റീന മാറി. കൂടാതെ 1966-ന് ശേഷമുള്ള തങ്ങളുടെ ഏറ്റവും കുറഞ്ഞ പന്തടക്ക ശതമാനവും ഈ മത്സരത്തിൽ അവർ രേഖപ്പെടുത്തി.
നിശ്ചിത സമയത്ത് അർജന്റീനയുടെ എക്സ്പെക്റ്റഡ് ഗോൾസ് നിരക്ക് പൂജ്യമായിരുന്നു (0.00). ആക്രമണത്തിൽ അർജന്റീന എത്രത്തോളം പിന്നിലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. മത്സരത്തിന്റെ തുടക്കം മുതൽ പ്രതിരോധത്തിലൂന്നി കളി മെനയാനായിരുന്നു ലയണൽ സ്കലോണിയുടെ തന്ത്രം.
സ്പെയിനിന്റെ നീക്കങ്ങളെ പൂട്ടാൻ മാത്രമായി അണിനിരത്തിയ പ്രതിരോധ കോട്ട കാരണം അർജന്റീനയ്ക്ക് മുന്നേറ്റങ്ങൾ നടത്താനായില്ല. മത്സരത്തിലുടനീളം സ്പെയിനിന്റെ പെനാൽറ്റി ബോക്സിനുള്ളിൽ ഒരേയൊരു തവണ മാത്രമാണ് അർജന്റീനൻ താരങ്ങൾക്ക് പന്ത് തൊടാനായത്. മത്സരത്തിന്റെ അവസാന കാൽമണിക്കൂറിൽ സ്പെയിൻ അപകടകരമായ നീക്കങ്ങൾ നടത്തിയെങ്കിലും നിശ്ചിത സമയത്ത് ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാൻ അർജന്റീനയ്ക്കായി. എന്നാൽ എക്സ്ട്രാ ടൈമിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് നേടിയ ഗോളിലൂടെ സ്പെയിൻ ലോകകിരീടത്തിൽ മുത്തമിട്ടു.