15, July, 2026
Updated on 15, July, 2026 0
ന്യൂഡൽഹി : വാരാണസിയിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി വൻകിട ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി 25,445 കോടി രൂപയിലധികം ചെലവ് വരുന്ന രണ്ട് പ്രധാന എലിവേറ്റഡ് കോറിഡോർ പദ്ധതികൾക്കാണ് ഔദ്യോഗികമായി അംഗീകാരം നൽകിയത്. വരും വർഷങ്ങളിൽ വാരാണസിയിലെ നഗര വികസനത്തിനും ടൂറിസത്തിനും വൻ കുതിപ്പേകുന്ന രീതിയിൽ ഗംഗാ നദിക്കും വരുണാ നദിക്കും സമാന്തരമായാണ് ഈ രണ്ട് എലിവേറ്റഡ് ഹൈവേകൾ നിർമ്മിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഹൈബ്രിഡ് ആനുവിറ്റി മോഡലിൽ നിർമ്മിക്കുന്ന ഈ പാതകൾ പൂർത്തിയാകുന്നതോടെ യാത്രാസമയത്തിൽ വൻ കുറവുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. പ്രതിവർഷം 15 കോടിയോളം തീർത്ഥാടകരും വിനോദസഞ്ചാരികളും എത്തുന്ന കാശിയിൽ വർദ്ധിച്ചുവരുന്ന വാഹനത്തിരക്ക് നിയന്ത്രിക്കാൻ ഈ പദ്ധതികൾ അനിവാര്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇതിൽ ആദ്യത്തേതായ വരിഷ്ഠ ഗംഗാ എലിവേറ്റഡ് കോറിഡോർ 14,447.64 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ദേശീയപാത 19-നെ വാരാണസി റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന ഈ ആറുവരി പാതയ്ക്ക് 46.039 കിലോമീറ്റർ നീളമുണ്ടാകും. ഗംഗാ നദീതീരത്തോട് ചേർന്ന് നിർമ്മിക്കുന്ന ഈ ഹരിതപാതയിൽ 910 മീറ്റർ നീളമുള്ള ആകർഷകമായ കേബിൾ സ്റ്റെയ്ഡ് പാലവും കാൽനടയാത്രക്കാർക്കായുള്ള പ്രത്യേക മേൽപ്പാലവും ഉൾപ്പെടുന്നു. പാതയിലൂടെയുള്ള വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്ററായി വർദ്ധിക്കുന്നതോടെ നിലവിൽ ഒരു മണിക്കൂറോളം എടുക്കുന്ന യാത്രാസമയം വെറും 20 മിനിറ്റായി ചുരുങ്ങും. ചന്ദൗലി, മിർസാപൂർ, ബിഹാർ ഭാഗങ്ങളിൽ നിന്ന് വരുന്ന വലിയ ചരക്ക് വാഹനങ്ങൾക്ക് നഗരത്തിനുള്ളിലേക്ക് പ്രവേശിക്കാതെ തന്നെ ഇതുവഴി സുഗമമായി കടന്നുപോകാൻ സാധിക്കും. കൂടാതെ കാശി വിശ്വനാഥ ക്ഷേത്രം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി , നമോ ഘാട്ട്, രാംനഗർ കോട്ട എന്നിവടങ്ങളിലേക്കുള്ള യാത്രയും ഇതുവഴി എളുപ്പമാകും. യാത്രക്കാർക്ക് ഗംഗാ നദിയുടെയും പ്രശസ്തമായ ഘാട്ടുകളുടെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ പ്രത്യേക വ്യൂ പോയിന്റുകളും ഈ പാതയിൽ ഒരുക്കുന്നുണ്ട്.
രണ്ടാമത്തെ പദ്ധതിയായ വരുണ നദി എലിവേറ്റഡ് കോറിഡോർ 10,998.32 കോടി രൂപ ചെലവിലാണ് നടപ്പിലാക്കുന്നത്. ദേശീയപാത 31-നെ (NH-31) വാരാണസി റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന ഈ വരുണ പാതയ്ക്ക് 43.218 കിലോമീറ്റർ നീളമുണ്ട്. വരുണ നദീതീരത്തുകൂടി കടന്നുപോകുന്ന ഈ നാല്/ആറുവരി പാതയിൽ ഫ്ലൈഓവറുകൾ, റാംപുകൾ, സർവീസ് റോഡുകൾ എന്നിവ ഉണ്ടായിരിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എൻഎച്ച്-31-ൽ നിന്ന് കാശി റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാസമയം 40 മിനിറ്റിൽ നിന്ന് 20 മിനിറ്റായി കുറയും. ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം, വാരാണസി ജംഗ്ഷൻ, ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ, രാംനഗർ പോർട്ട് എന്നിവടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ഈ വരുണ കോറിഡോർ സഹായിക്കും. പിഎം ഗതിശക്തി മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വിഭാവനം ചെയ്ത ഈ രണ്ട് കോറിഡോറുകളും പൂർത്തിയാകുന്നതോടെ ഉത്തർപ്രദേശിന്റെ കിഴക്കൻ മേഖലയിലെ സാമ്പത്തിക-ലോജിസ്റ്റിക്സ് രംഗങ്ങളിൽ വലിയ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റൂട്ടിൽ വരുന്ന 53 ഗ്രാമങ്ങളിലെ ഭൂമി രജിസ്ട്രേഷന് ജില്ലാ ഭരണകൂടം ഇതിനകം തന്നെ താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.