14, July, 2026
Updated on 14, July, 2026 3
റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന സമാധാന ശ്രമങ്ങളെ വാനോളം പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്ളാഡിസ്ലാവ് തെയോഫിൽ ബാർട്ടോസെവ്സ്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ വലിയ വില നൽകുന്നുണ്ടെന്നും റഷ്യയെ സ്വാധീനിക്കാൻ കഴിവുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ മുഴുവൻ ബഹുമാനിക്കപ്പെടുന്ന മികച്ചൊരു രാഷ്ട്രീയതന്ത്രജ്ഞനാണ് പ്രധാനമന്ത്രി മോദിയെന്നും റഷ്യയുമായി ഇന്ത്യക്ക് ദീർഘകാലത്തെ അടിയുറച്ച ബന്ധമുണ്ടെന്നും ബാർട്ടോസെവ്സ്കി പറഞ്ഞു.
വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് (ANI) നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യയുടെ ആഗോള സ്വാധീനത്തെക്കുറിച്ച് മനസ്സ് തുറന്നത്. റഷ്യൻ ഫെഡറേഷനുമായും അതിനു മുൻപ് സോവിയറ്റ് യൂണിയനുമായും ചേരിചേരാ നയത്തിലൂടെ ഇന്ത്യ നിലനിർത്തിപ്പോന്ന ദീർഘകാല സൗഹൃദം ഈ പ്രതിസന്ധി ഘട്ടത്തിൽ നിർണ്ണായകമാണെന്നും പ്രധാനമന്ത്രി മോദി പറയുന്നത് പ്രസിഡന്റ് പുടിൻ അതീവ ശ്രദ്ധയോടെയാണ് കേൾക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 2022-ന്റെ അവസാനത്തിൽ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്ത്, ആണവായുധങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണ്ണായകമായി സഹായിച്ചിരുന്നുവെന്നും പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വെളിപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് പുടിനിൽ വലിയ രീതിയിൽ സമ്മർദ്ദം ചെലുത്താനും അദ്ദേഹത്തെ സ്വാധീനിക്കാനും കഴിയുന്ന ആഗോളതലത്തിലെ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് മോദിയെന്നും, അതിനാൽ തന്നെ ഈ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാൻ ഇന്ത്യക്ക് വ്യക്തമായി ഇടപെടാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇതോടൊപ്പം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പോളണ്ടും തമ്മിൽ മുൻപ് നിലനിന്നിരുന്ന ചില അഭിപ്രായവ്യത്യാസങ്ങൾ ഇപ്പോൾ പൂർണ്ണമായി പരിഹരിച്ചതായും ബാർട്ടോസെവ്സ്കി വ്യക്തമാക്കി. രാജ്യാന്തര ഉപരോധങ്ങൾക്കിടയിലും ഇന്ത്യ കുറഞ്ഞ വിലയിൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് റഷ്യയുടെ യുദ്ധസമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നു എന്നതിൽ പോളണ്ടിന് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഇരുരാജ്യങ്ങളും പരസ്പരമുള്ള തന്ത്രപ്രധാനമായ നിലപാടുകൾ കൃത്യമായി മനസ്സിലാക്കിയ സാഹചര്യത്തിൽ അതൊരു തർക്കവിഷയമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.