മെറ്റയുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികളുടെ മാനസികാരോഗ്യത്തിന് ദോഷകരമായ സാഹചര്യം സൃഷ്ടിച്ചെന്ന കേസില്‍ 567 മില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ന്യൂ മെക്‌സിക്കോ കോടതി ഉത്തരവ്


7, August, 2026
Updated on 7, August, 2026 2


സാന്റാ ഫെ (ന്യൂ മെക്‌സിക്കോ): ഇന്‍സ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികളുടെ മാനസികാ രോഗ്യത്തിന് ദോഷകരമായ സാഹചര്യം സൃഷ്ടിച്ചെന്ന കേസില്‍ 567 മില്യണ്‍ ഡോളര്‍ (ഏകദേശം 4,900 കോടി രൂപ) ചെലവഴിക്കാന്‍ ന്യൂ മെക്‌സിക്കോ കോടതി ഉത്തരവിട്ടു. കേസിന്റെ രണ്ടാംഘട്ട വിധിയിലാണ് ജഡ്ജി ബ്രയാന്‍ ബീഡ്‌ഷെയ്ഡ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. വിധിച്ച തുകയില്‍ 420 മില്യണ്‍ ഡോളര്‍ കുട്ടികള്‍ക്കുള്ള ചികിത്സാ സേവനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും ബാക്കി തുക ബോധവല്‍ക്കരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പരിശോധനാ സേവനങ്ങള്‍ എന്നിവയ്ക്കായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെലവഴിക്കണമെന്നുമാണ് നിര്‍ദേശം.മാര്‍ച്ചില്‍ കേസിന്റെ ആദ്യഘട്ടത്തില്‍ മെറ്റയ്ക്ക് 375 മില്യണ്‍ ഡോളറിന്റെ സിവില്‍ പിഴ കോടതി വിധിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്ല്റ്റ്‌ഫോമിലെ ചില കാര്യങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചെന്നും പ്ലാറ്റ്‌ഫോമുകളിലെ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചെന്നും കോടതി കണ്ടെത്തിയിരുന്നു. രണ്ടാംഘട്ട വിചാരണയില്‍ പ്രായപരിശോധന ശക്തമാക്കുക, സ്വകാര്യതാ ക്രമീകരണങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുക, കുട്ടികള്‍ക്കുള്ള ലൈംഗിക ചൂഷണം തടയാന്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചത്.വിധിയുടെ ഭാഗമായി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഉപയോക്തൃസുരക്ഷാ സംവിധാനങ്ങള്‍, സ്വകാര്യതാ ക്രമീകരണങ്ങള്‍, അനുചിതമായ കമന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ എന്നിവ വ്യക്തമായി വിശദീകരിക്കുന്ന ബാനറുകളും വിവര സ്‌ക്രീനുകളും സ്ഥിരമായി പ്രദര്‍ശിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ന്യൂ മെക്‌സിക്കോയില്‍ കുട്ടികള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്യാമ്പയിനും മെറ്റ നടത്തണം. അതേസമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റ അറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൗമാരക്കാരെ സംരക്ഷിക്കുന്നതില്‍ മികച്ച റെക്കോര്‍ഡാണ് കമ്പനിക്കുള്ളതെന്നും മെറ്റയുടെ വക്താവ് പ്രതികരിച്ചു.സ്‌കൂളുകളുമായോ കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായോ ചേര്‍ന്ന് സംശയാസ്പദ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പ്രത്യേക പോര്‍ട്ടല്‍ ഒരുക്കുകയും, 13 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ഇല്ലാതാക്കുകയും വേണം. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് വര്‍ഷത്തില്‍ രണ്ട് തവണ കോടതിയില്‍ സമര്‍പ്പിക്കാനും മെറ്റയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Feedback and suggestions