നാറ്റോ ആസ്ഥാനത്ത് ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയം: കനേഡിയന്‍ യുവതിക്കെതിരായ അന്വേഷണത്തില്‍ തുടക്കം മുതല്‍ സഹായം നല്‍കിയെന്നു പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി


6, August, 2026
Updated on 6, August, 2026 4


ഒട്ടാവ: ബെല്‍ജിയത്തിലെ നാറ്റോ സൈനിക ആസ്ഥാനത്ത് ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ കനേഡിയന്‍ പൗരത്വമുള്ള ചൈനീസ് യുവതിക്കെതിരായ അന്വേഷണത്തില്‍ തുടക്കം മുതല്‍ കാനഡന്‍ ഉദ്യോഗസ്ഥര്‍ സഹകരണം നല്‍കിയിരുന്നുവെന്നു് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. അന്വേഷണം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും, എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ നിന്ന് സുരക്ഷാ സംവിധാനങ്ങള്‍ പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചൈനീസ് വംശജയായ കനേഡിയന്‍ പൗരയാണ് അറസ്റ്റിലായതെന്ന് ബെല്‍ജിയം അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പേര് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ സി.ബി.സി ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം ബിവെയ് ഷാങ് എന്ന സിസ്റ്റംസ് എന്‍ജിനീയറെയാണ് ബെല്‍ജിയത്തില്‍ അറസ്റ്റ് ചെയ്തത്. കനേഡിയന്‍ സ്പേസ് ഏജന്‍സിയിലും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയിലും മുമ്പ് ജോലി ചെയ്തിരുന്ന ഷാങ് പിന്നീട് ബെല്‍ജിയത്തിലെ നാറ്റോയുടെ സൈനിക ആസ്ഥാനത്ത് ഇന്റേണായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.നാറ്റോയുടെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തില്‍ ഷാങ് സംശയാസ്പദമായി പെരുമാറിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. അനുമതിയില്ലാത്ത മേഖലകളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതും, ജോലി പരിധിക്ക് പുറത്തുള്ള രഹസ്യ ഫയലുകള്‍ പരിശോധിച്ചതും, സഹപ്രവര്‍ത്തകരെക്കുറിച്ച് അസാധാരണമായ വിവരശേഖരണം നടത്തിയതുമാണ് പ്രധാന ആരോപണങ്ങള്‍. നിലവില്‍ അവര്‍ ബെല്‍ജിയന്‍ കസ്റ്റഡിയിലാണുള്ളത്. അടുത്ത ആഴ്ച ബ്രസ്സല്‍സില്‍ രഹസ്യ വിചാരണ നടക്കും.അന്വേഷണത്തില്‍ ബെല്‍ജിയം അധികൃതരുമായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് സഹകരിക്കുന്നുണ്ടെന്ന് കാനഡ സ്ഥിരീകരിച്ചിട്ടുണ്ട്. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ ആഭ്യന്തര സംവിധാനത്തിനുള്ളില്‍ നിന്നുള്ള ഇത്തരം ചാരപ്രവര്‍ത്തന ആരോപണങ്ങള്‍ അത്യപൂര്‍വമാണെന്നും, ശീതയുദ്ധകാലത്തിനുശേഷം ഇത്തരമൊരു സംഭവം വളരെ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.




















Feedback and suggestions