ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്


7, August, 2026
Updated on 7, August, 2026 1


ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പോരാട്ടവീര്യം വൻതോതിൽ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന 114 റഫാൽ യുദ്ധവിമാനങ്ങളുടെ വാങ്ങലിൽ നിർണായക വഴിത്തിരിവ്. ഏകദേശം 3.25 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബൃഹത്തായ പദ്ധതിക്കായി ഫ്രാൻസ് തങ്ങളുടെ വിശദമായ സാങ്കേതിക-വാണിജ്യ നിർദ്ദേശം ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറി. മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (MRFA) കരാറിന്റെ ഭാഗമായി ഇന്ത്യ നൽകിയ അഭ്യർത്ഥനാ കത്തിന് (LoR) മറുപടിയായാണ് ഫ്രഞ്ച് അധികൃതർ ഈ പ്രൊപ്പോസൽ നൽകിയിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ അക്വിസിഷൻ വിഭാഗവും വ്യോമസേനയും ഈ നിർദ്ദേശം വിശദമായി പരിശോധിച്ചു വരികയാണ്. ഇന്ത്യയുടെ തദ്ദേശീയ മിസൈലായ 'അസ്ത്ര' ഉൾപ്പെടെയുള്ള ആയുധങ്ങൾ റഫാൽ വിമാനങ്ങളിൽ സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഈ നിർദ്ദേശത്തിൽ പ്രത്യേകം വിശകലനം ചെയ്യപ്പെടുന്നുണ്ട്.




​'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജം പകരുന്ന രീതിയിലാണ് ഈ കരാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫ്രാൻസിൽ നിന്ന് നേരിട്ട് എത്തിക്കുന്നതിന് പകരം 114 വിമാനങ്ങളിൽ 94 എണ്ണവും ഇന്ത്യയിൽ തന്നെ പ്രാദേശിക വ്യവസായ പങ്കാളികളുടെ സഹകരണത്തോടെ നിർമ്മിക്കും. റഫാൽ നിർമ്മാതാക്കളായ ദസ്സോ ഏവിയേഷൻ , മിസൈൽ നിർമ്മാതാക്കളായ എം.ബി.ഡി.എ, എൻജിൻ നിർമ്മാതാക്കളായ സഫ്രാൻ, എംബഡഡ് സിസ്റ്റംസ് നിർമ്മാതാക്കളായ തെയ്‌ൽസ് തുടങ്ങിയ ഫ്രഞ്ച് കമ്പനികൾ ടാറ്റ, ലാർസൻ ആൻഡ് ടൂബ്രോ (L&T) തുടങ്ങിയ മുൻനിര ഇന്ത്യൻ പ്രതിരോധ കമ്പനികളുമായി ഇതിനായി കൈകോർക്കും. കരാറിലെ 50 ശതമാനത്തോളം തദ്ദേശീയ പങ്കാളിത്തം വഴി രാജ്യത്തെ പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ തദ്ദേശീയ അവസരങ്ങളാണ് ലഭിക്കാൻ പോകുന്നത്.




പഴക്കം ചെന്ന മിഗ് യുദ്ധവിമാനങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതും തദ്ദേശീയ എൽ.സി.എ തേജസ് മാർക്ക് 1എ, മാർക്ക് 2 വിമാനങ്ങളുടെ വിതരണത്തിലുണ്ടായ കാലതാമസവും കാരണം വ്യോമസേന നേരിടുന്ന സ്ക്വാഡ്രൺ ക്ഷാമത്തിന് ഈ കരാർ വലിയ പരിഹാരമാകും. നിലവിൽ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി ഓർഡർ ചെയ്ത 62 റഫാലുകൾക്ക് പുറമെ പുതിയ 114 വിമാനങ്ങൾ കൂടി എത്തുന്നതോടെ രാജ്യത്തെ മൊത്തം റഫാൽ വിമാനങ്ങളുടെ എണ്ണം 176 കടക്കും. ഫ്രാൻസിന് പുറത്ത് ആദ്യമായി റഫാൽ വിമാനങ്ങൾ നിർമ്മിക്കുന്ന രാജ്യമെന്ന പെരുമ ഇന്ത്യക്ക് സ്വന്തമാകുന്നതിനൊപ്പം, ചൈന, പാകിസ്ഥാൻ അതിർത്തികളിൽ ഒരേസമയം ആധിപത്യം ഉറപ്പിക്കാൻ ഈ ആധുനിക 4.5 ജനറേഷൻ യുദ്ധവിമാനങ്ങൾ ഇന്ത്യയെ പ്രാപ്തമാക്കും.






Feedback and suggestions