14, July, 2026
Updated on 14, July, 2026 2
"ഹലോ... ഞാൻ ദിവ്യ സംസാരിക്കുന്നു" എന്ന ഒരു വാട്‌സ്ആപ്പ് സന്ദേശത്തിൽ തുടങ്ങി, രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി നിക്ഷേപ തട്ടിപ്പുകളിലൊന്നിന്റെ വിവരങ്ങൾ പുറത്ത്. മധ്യപ്രദേശ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ ചീഫ് റിട്ടേണിംഗ് ഓഫീസറും മുതിർന്ന ചാർട്ടേഡ് അക്കൗണ്ടന്റുമായ 70-കാരൻ അശോക് വിജയ്‌വർഗ്ഗീയയ്ക്ക് ഈ തട്ടിപ്പിലൂടെ 21.06 കോടി രൂപയാണ് നഷ്ടമായത്. തട്ടിയെടുത്ത ഈ ഭീമമായ തുക രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകളുടെ ശൃംഖലയിലൂടെയാണ് തട്ടിപ്പുകാർ മാറ്റിയതെന്ന് ഗ്വാളിയോർ സ്റ്റേറ്റ് സൈബർ സെല്ലിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുതൽ ഉത്തരേന്ത്യ വരെ വ്യാപിച്ചുകിടക്കുന്ന നാല് തലങ്ങളിലുള്ള ബാങ്കിംഗ് നെറ്റ്‌വർക്കിലൂടെ ഇരുപതിനായിരത്തിലധികം ഡിജിറ്റൽ ഇടപാടുകൾ നടത്തിയാണ് പണം കൈമാറിയിരിക്കുന്നത്.
2025 ഡിസംബറിനും 2026 ജൂലൈയ്ക്കും ഇടയിലാണ് ഈ വൻ തട്ടിപ്പ് നടന്നത്. മികച്ച ലാഭം വാഗ്ദാനം ചെയ്ത് യുഎസ്ഡിടി ക്രിപ്‌റ്റോകറൻസി വ്യാപാരത്തിലേക്ക് വിജയ്‌വർഗ്ഗീയയെ ആകർഷിക്കുകയായിരുന്നു. നിക്ഷേപങ്ങൾക്കൊടുവിൽ ഒരു വ്യാജ ട്രേഡിംഗ് പോർട്ടലിൽ 33 കോടിയിലധികം രൂപയുടെ വ്യാജ ലാഭം കാണിച്ചാണ് ഇദ്ദേഹത്തിൽ നിന്ന് 21,05,92,000 രൂപ തട്ടിയെടുത്തത്. ഇതിനോടകം രണ്ട് കോടിയോളം രൂപ മരവിപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ബാക്കി തുക മുഴുവൻ അന്വേഷണസംഘം തടയുന്നതിന് മുൻപ് തന്നെ പിൻവലിക്കുകയോ മറ്റ് രൂപങ്ങളിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്.
പണം എളുപ്പത്തിൽ കണ്ടെത്താനോ മരവിപ്പിക്കാനോ കഴിയാത്ത വണ്ണം അതീവ സങ്കീർണ്ണമായ രീതിയിലാണ് തട്ടിപ്പുകാർ പണം കൈമാറ്റം ചെയ്തത്. ഒന്നാം ഘട്ടത്തിലുള്ള 77 അക്കൗണ്ടുകളിൽ നിന്ന് രണ്ടാം ഘട്ടത്തിലെ 493 അക്കൗണ്ടുകളിലേക്കും, അവിടെനിന്ന് മൂന്നാം ഘട്ടത്തിലെ 12,700 അക്കൗണ്ടുകളിലേക്കും പണം ചിതറിച്ചു. നാലാം ഘട്ടത്തിൽ 7,500 ഓളം ഇടപാടുകളിലൂടെ എടിഎമ്മുകൾ, ഷോപ്പിംഗ് വൗച്ചറുകൾ, ഓൺലൈൻ പേയ്‌മെന്റുകൾ, ക്രിപ്‌റ്റോകറൻസി എന്നിവ വഴി പണം പൂർണ്ണമായും മാറ്റിയെടുത്തു. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി പന്ത്രണ്ടോളം സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഈ പണത്തിന്റെ ഉറവിടം എത്തിനിൽക്കുന്നത്. പണം കൈമാറാൻ ഉപയോഗിച്ച അക്കൗണ്ടുകളിൽ ഭൂരിഭാഗവും കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ട് കൈമാറിയ സാധാരണക്കാരുടേതോ വ്യാജ കമ്പനികളുടേതോ ആകാമെന്നാണ് പൊലീസ് കരുതുന്നത്.
ഒരു നിക്ഷേപ ഉപദേശക എന്ന് പരിചയപ്പെടുത്തിയാണ് 'ദിവ്യ' എന്ന പേരിൽ വിജയ്‌വർഗ്ഗീയയ്ക്ക് വാട്‌സ്ആപ്പ് സന്ദേശം വരുന്നത്. യുഎസ് ഡോളറിന്റെ മൂല്യമുള്ള യുഎസ്ഡിടിയിൽ നിക്ഷേപിച്ചാൽ വലിയ ലാഭം നേടാമെന്ന് ഇവർ വിശ്വസിപ്പിച്ചു. തുടർന്ന് +1 (516) 713-7291 എന്ന യുഎസ് കോഡുള്ള ഒരു വെർച്വൽ നമ്പറിലൂടെയായി ആശയവിനിമയം. തുടക്കത്തിൽ വിശ്വാസം പിടിച്ചുപറ്റാൻ ചെറുകിട നിക്ഷേപങ്ങൾക്ക് വലിയ ലാഭം പോർട്ടലിൽ കാണിക്കുകയും, ജനുവരി 7-ന് 1.88 ലക്ഷം രൂപ വിജയ്‌വർഗ്ഗീയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് യഥാർത്ഥ ലാഭമായി നൽകുകയും ചെയ്തു. ഇതോടെ പ്ലാറ്റ്‌ഫോം യഥാർത്ഥമാണെന്ന് വിശ്വസിച്ച ഇദ്ദേഹം കോടിക്കണക്കിന് രൂപ ഇതിലേക്ക് നിക്ഷേപിക്കാൻ തുടങ്ങി.
ഇദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശം വിശ്വസിച്ച് മുപ്പത്തിയഞ്ചോളം സുഹൃത്തുക്കളും ഈ പ്ലാറ്റ്‌ഫോമിൽ പണം നിക്ഷേപിച്ചതായാണ് വിവരം. പിന്നീട് പോർട്ടലിൽ 33.25 കോടിയുടെ ലാഭം കാണിച്ചപ്പോൾ അത് പിൻവലിക്കാൻ ശ്രമിച്ച വിജയ്‌വർഗ്ഗീയയോട് ആദായനികുതി ഇനത്തിൽ 10.84 കോടി രൂപ കൂടി നിക്ഷേപിക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇത്തരത്തിൽ പല കാരണങ്ങൾ പറഞ്ഞ് വീണ്ടും പണം തട്ടാൻ ശ്രമിച്ചപ്പോഴാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് നാഷണൽ സൈബർ ക്രൈം പോർട്ടലിലും 1930 ഹെൽപ്‌ലൈനിലും നൽകിയ അടിയന്തര പരാതിയെ തുടർന്നാണ് 2 കോടി രൂപയോളം ബാങ്കുകൾക്ക് മരവിപ്പിക്കാൻ സാധിച്ചത്. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് സൈബർ സെൽ ഡിഎസ്‌പി സഞ്ജീവ് നയൻ ശർമ്മയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.