12, July, 2026
Updated on 12, July, 2026 3
വിയറ്റ്നാമിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫൂ ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യക്കാർക്ക് ദരുണ അന്ത്യം. തമിഴ്‌നാട്ടിൽ നിന്നുള്ള പത്ത് പേരും ആന്ധ്രാപ്രദേശിൽ നിന്നുള്ള മൂന്ന് പേരുമാണ് മരിച്ച മറ്റ് ഇന്ത്യക്കാർ. പ്രമുഖ മൊബൈൽ ഫോൺ നിർമ്മാണ കമ്പനിയായ 'ലാവ മൊബൈൽസ്' തങ്ങളുടെ മികച്ച വിൽപന ലക്ഷ്യം കൈവരിച്ച ഡീലർമാർക്കും വിതരണക്കാർക്കുമായി സൗജന്യമായി ഒരുക്കിയ വിനോദയാത്രയ്ക്കിടെയാണ് ഈ വൻ ദുരന്തം സംഭവിച്ചത്.
ഫൂ ക്വോക്കിന് സമീപമുള്ള അൻ തോയ് ദ്വീപസമൂഹത്തിലെ ഹോൺ മേ റൂട്ട് ങ്കോയ് ദ്വീപിന് തീരത്ത് നിന്ന് ഏകദേശം 400 മീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് പ്രാദേശിക ജീവനക്കാരും ഉൾപ്പെടെ ആകെ 36 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു.
ദ്വീപിൽ നിന്ന് യാത്ര തിരിച്ച് നിമിഷങ്ങൾക്കകം വൻ തിരമാലകൾ അടിച്ചതിനെ തുടർന്നാണ് സ്പീഡ് ബോട്ട് പെട്ടെന്ന് തലകീഴായി മറിഞ്ഞതെന്ന് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവർ വെളിപ്പെടുത്തി. ബോട്ട് പുറപ്പെട്ട് 300-400 മീറ്റർ മാത്രം പിന്നിട്ടപ്പോൾ തന്നെ അപകടം സംഭവിച്ചതായും, സഞ്ചാരികൾ ചിത്രങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നതിനാൽ പ്രതികരിക്കാൻ പോലും സമയം ലഭിച്ചില്ലെന്നും ആന്ധ്രാപ്രദേശിൽ നിന്നുള്ള വിതരണക്കാരനായ ആശിഷ് കുമാർ പറഞ്ഞു. ക
കനത്ത തിരമാലകളും ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലധികം ആളുകളെ കയറ്റിയതുമാണ് പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായതെന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള നിർമ്മൽ കുമാർ വ്യക്തമാക്കി. ബോട്ട് മറിഞ്ഞയുടൻ ജനലുകളിലൂടെ പുറത്തുകടന്ന് റെയിലിംഗുകളിൽ പിടിച്ചുനിന്നതിനാലാണ് ചിലർക്ക് ജീവൻ തിരികെ ലഭിച്ചത്. വിയറ്റ്നാമിലെ ഇന്ത്യൻ എംബസി ദുരന്തം സ്ഥിരീകരിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. മരിച്ചവരുടെ ഭൗതികശരീരങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സർക്കാരുകൾ കേന്ദ്ര മന്ത്രാലയവുമായി ചേർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണ്. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ആവശ്യമായ എല്ലാ സഹായങ്ങൾ നൽകാനും തങ്ങളുടെ ടീം സന്നദ്ധമാണെന്നും ലാവ മൊബൈൽസ് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.