10, July, 2026
Updated on 10, July, 2026 1
'
മെൽബൺ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം അവിടുത്തെ മുൻനിര മാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഒന്നാം പേജിൽ വമ്പൻ തലക്കെട്ടുകളുടെ ആണ് ഓസ്ട്രേലിയൻ പത്രങ്ങൾ മോദിയുടെ ഓസ്ട്രേലിയ സന്ദർശനത്തെ വിവരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വാർത്തകളും വളരെ പ്രാധാന്യത്തോടെയാണ് ഓസ്‌ട്രേലിയൻ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും പ്രസിദ്ധീകരിച്ചത്. ചില ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ മോദിയെ 'മിസ്റ്റർ ഇന്ത്യ' എന്ന് വിശേഷിപ്പിച്ചപ്പോൾ, മറ്റു ചില പത്രങ്ങൾ 'ബോസ് ഈസ് ബാക്ക്' എന്ന തലക്കെട്ടോടെയാണ് അദ്ദേഹത്തിന്റെ വരവിനെ അടയാളപ്പെടുത്തിയത്. മൂന്ന് രാഷ്ട്രങ്ങളടങ്ങുന്ന അന്താരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിൽ നിന്ന് മെൽബണിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ നേതൃത്വത്തിൽ ഗംഭീരമായ സ്വീകരണമാണ് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാർഷിക ലീഡേഴ്‌സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ചയിൽ വ്യാപാരം, പ്രതിരോധം, സുരക്ഷ, പുനരുപയോഗ ഊർജ്ജം, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ വൻ പങ്കാളിത്തത്തിന് വഴിതുറക്കുന്ന ചരിത്രപരമായ കരാറുകളിലാണ് ഇരുനേതാക്കളും ഒപ്പുവെച്ചത്. ആഗോളതലത്തിൽ പ്രതിസന്ധികൾ കനക്കുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകേണ്ടത് ഇൻഡോ-പസഫിക് മേഖലയുടെ സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ചർച്ചകളിൽ വിലയിരുത്തപ്പെട്ടു.
മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'മെൽബൺ മീറ്റ്സ് മോദി' എന്ന വൻ പ്രവാസി സംഗമം ഓസ്‌ട്രേലിയൻ മാധ്യമങ്ങളിൽ വലിയ വാർത്തയായി. കൊടുംതണുപ്പിനെ അവഗണിച്ച് മുപ്പതിനായിരത്തോളം വരുന്ന പ്രവാസി ഭാരതീയരാണ് പ്രധാനമന്ത്രിയെ വരവേൽക്കാൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. കഠിനാധ്വാനത്തിലൂടെ ഓസ്‌ട്രേലിയയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്ന ഇന്ത്യൻ സമൂഹത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഏറെ പ്രശംസിച്ചു.
ഇന്ത്യയുടെ ആണവോർജ്ജ പദ്ധതികൾക്കായി വാണിജ്യാടിസ്ഥാനത്തിൽ യുറേനിയം വിതരണം ചെയ്യാനുള്ള ചരിത്രപരമായ കരാറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ ഓസ്ട്രേലിയ സന്ദർശനത്തിലെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്. 2015-ൽ ഇരുരാജ്യങ്ങളും തമ്മിൽ സിവിൽ ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നെങ്കിലും സാങ്കേതികമായ ചില തടസ്സങ്ങൾ കാരണം യുറേനിയം വിതരണം സാധ്യമായിരുന്നില്ല. എന്നാൽ മെൽബൺ ഉച്ചകോടിയിൽ പുതിയ പ്രവർത്തന സജ്ജീകരണ ഉടമ്പടി യാഥാർത്ഥ്യമായതോടെ ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം ഇറക്കുമതി ചെയ്യാനുള്ള വഴി പൂർണ്ണമായും തുറക്കപ്പെട്ടു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും ഈ യുറേനിയം ഉപയോഗിക്കുക. കാർബൺ ഉദ്‌വമനം കുറയ്ക്കാനും 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാനുമുള്ള ഇന്ത്യയുടെ ഹരിതോർജ്ജ ലക്ഷ്യങ്ങൾക്ക് ഈ യുറേനിയം വിതരണം വൻ കുതിപ്പേകും. ഇതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെയും അത്യാധുനിക ബാറ്ററികളുടെയും നിർമ്മാണത്തിന് ആവശ്യമായ ലിഥിയം, കൊബാൾട്ട് തുടങ്ങിയ തന്ത്രപ്രധാന ധാതുക്കളുടെ സുരക്ഷിതമായ വിതരണം ഉറപ്പാക്കാൻ 'ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ' പദ്ധതിക്കും ഇരുരാജ്യങ്ങളും തുടക്കമിട്ടു.