8, July, 2026
Updated on 8, July, 2026 2
'
ഇസ്താംബൂൾ : മധ്യപൂർവേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാനുമായുള്ള താല്ക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് ഇറാനുമായി ഇനി ചർച്ചകൾ നടത്തുന്നതിൽ അർത്ഥമില്ലെന്നും സമയം കളയലാണെന്നും വ്യക്തമാക്കിക്കൊണ്ട് ട്രംപ് നിലപാട് കടുപ്പിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതോടെയാണ് കഴിഞ്ഞ ഏപ്രിലിൽ നിലവിൽ വന്നതും പിന്നീട് ജൂണിൽ പുതുക്കിയതുമായ താല്ക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകർന്നത്.ഖത്തറിന്റെ എൽഎൻജി കപ്പൽ ഉൾപ്പെടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെയാണ് ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി ഇറാന്റെ ദക്ഷിണ തീരമേഖലകളായ സിരിക്, ബന്ദർ അബ്ബാസ്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ എൺപതിലധികം സൈനിക താവളങ്ങളിലാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബവർഷം നടത്തിയത്. അമേരിക്കയുടെ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി തുടങ്ങി. കുവൈറ്റിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇറാൻ റെവല്യൂഷണറി ഗാർഡ് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. ബഹ്റൈനിലും കുവൈറ്റിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതായും ഇറാന്റെ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നേരിട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംഘർഷം കടുത്തതോടെ ഇറാഖ് സന്ദർശനത്തിലായിരുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ യാത്ര പകുതിക്കുവെച്ച് റദ്ദാക്കി അടിയന്തിരമായി രാജ്യത്തേക്ക് മടങ്ങി. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണം സമാധാന കരാറിന്റെ കടുത്ത ലംഘനമാണെന്ന് ഇറാൻ ആരോപിക്കുമ്പോൾ, ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനമാണ് തിരിച്ചടിക്കാൻ പ്രേരിപ്പിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. യുദ്ധസാഹചര്യം ശക്തമായതോടെ ആഗോള എണ്ണവിപണിയിൽ വൻ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനത്തിലധികം വർധിച്ച് ബാരലിന് 78 ഡോളറിലേക്ക് ഉയർന്നു. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക നൽകിയിരുന്ന താല്ക്കാലിക ഉപരോധ ഇളവുകൾ ട്രംപ് ഭരണകൂടം ഉടനടി റദ്ദാക്കിയതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഇറാനുമായി ചർച്ചകൾക്കുള്ള സാധ്യതകൾ പൂർണ്ണമായി അടച്ചിട്ടില്ലെന്ന് ട്രംപ് സൂചിപ്പിക്കുന്നുണ്ടെങ്കിലും നിലവിലെ വെടിനിർത്തൽ അവസാനിച്ച മട്ടിലാണ് യുഎസ് നീക്കങ്ങൾ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തെത്തുടർന്നുള്ള സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇറാനുമായി പുനരാരംഭിക്കാനിരുന്ന സമാധാന ചർച്ചകളാണ് പുതിയ സൈനിക നീക്കങ്ങളോടെ അനിശ്ചിതത്വത്തിലായത്.