5, July, 2026
Updated on 5, July, 2026 27
അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനോടനുബന്ധിച്ച് ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള കോണി ഐലൻഡിൽ ഉണ്ടായ വെടിവെപ്പിൽ നാല് കുട്ടികളടക്കം എട്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി വൈകി പ്രാദേശിക സമയം പത്തരയോടെയാണ് കോണി ഐലൻഡിലെ വെസ്റ്റ് 31-ാം സ്ട്രീറ്റിൽ വെടിവെപ്പുണ്ടായതെന്നാണ് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നത്. പരിക്കേറ്റവരിൽ 37, 33 വയസ്സ് പ്രായമുള്ള രണ്ട് പുരുഷന്മാരും 25, 21 വയസ്സ് പ്രായമുള്ള രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരെക്കൂടാതെ 14, 12, 7, 6 വയസ്സ് പ്രായമുള്ള നാല് ആൺകുട്ടികൾക്കും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. ഇരകളുടെ ആരുടെയും പേരുവിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വെടിയേറ്റ ഉടൻ തന്നെ എമർജൻസി മെഡിക്കൽ സർവീസിന്റെ നേതൃത്വത്തിൽ ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഏഴു പേരുടെ നില നിലവിൽ തൃപ്തികരമാണെന്നും എന്നാൽ 21 വയസ്സുള്ള യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും എൻവൈപിഡി അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് അന്വേഷണസംഘം ഒരു തോക്ക് കണ്ടെടുത്തതായാണ് വിവരം. എന്നാൽ ശനിയാഴ്ച രാത്രി വൈകിയിട്ടും പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. എന്ത് സാഹചര്യത്തിലാണ് വെടിവെപ്പുണ്ടായതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.