സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം;പുറത്ത് നിന്നും വാങ്ങാൻ അനുമതിയെങ്കിലും ആവശ്യത്തിന് കിട്ടാനില്ല, അപ്രഖ്യാപിത പവർകട്ട് തുടരും


30, June, 2026
Updated on 30, June, 2026 29


തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിയന്ത്രണം ഇനിയും തുടരുമെന്ന് സൂചന. ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയെങ്കിലും, പവർ എക്സ്ചേഞ്ചുകളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മൺസൂൺ ദുർബലമായതിനെ തുടർന്ന് ആഭ്യന്തര ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതും കെ.എസ്.ഇ.ബി.യെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.സംസ്ഥാനത്ത് രാത്രികാലങ്ങളിലെ വൈദ്യുതി ഉപഭോഗം റെക്കോർഡ് വേഗതയിലാണ് ഉയരുന്നത്. നിലവിൽ രാത്രിയിലെ ഉപഭോഗം 4500 മെഗാവാട്ടോളമാണ്. കേരളം ലോകകപ്പ് ഫുട്ബോൾ ആവേശത്തിലായതിനാൽ രാത്രി വൈകിയും വലിയ രീതിയിൽ വൈദ്യുതി ഉപയോഗിക്കുന്നത് കെ.എസ്.ഇ.ബിക്ക് വലിയ തലവേദനയാകുന്നുണ്ട്.ഈ സാഹചര്യത്തിൽ പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുക മാത്രമായിരുന്നു ബോർഡിന് മുന്നിലുള്ള ഏക പോംവഴി. കടുത്ത വിമർശനങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ചില ഉപാധികളോടെ റെഗുലേറ്ററി കമ്മീഷൻ ഇതിന് അനുമതി നൽകിയിരുന്നു. എന്നാൽ, പണം നൽകാൻ തയാറായാലും പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് കറന്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.ഇതുവരെ അപ്രഖ്യാപിത നിയന്ത്രണങ്ങളുമായി മുന്നോട്ടുപോയ കെ.എസ്.ഇ.ബിക്കെതിരെ റെഗുലേറ്ററി കമ്മീഷൻ കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാതെ കെ.എസ്.ഇ.ബി നടത്തുന്ന അപ്രഖ്യാപിത പവർകട്ടുകൾ അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. “നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുൻപ്, കുറഞ്ഞത് ഒരു മണിക്കൂർ മുൻപെങ്കിലും ഉപഭോക്താക്കളെ ഔദ്യോഗികമായി വിവരം അറിയിച്ചിരിക്കണം. നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങൾ നൽകുന്ന സൂചന. വരും ദിവസങ്ങളിൽ മൺസൂൺ ശക്തമായില്ലെങ്കിൽ പ്രതിസന്ധി ഇനിയും രൂക്ഷമാകാനാണ് സാധ്യത.






Feedback and suggestions