30, June, 2026
Updated on 30, June, 2026 2
ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന് നേരെ ഡ്രോൺ ആക്രമണം. ലാസ് വെഗാസിൽ നിന്നും ന്യൂയോർക്കിലേക്ക് വരികയായിരുന്ന ജെറ്റ് ബ്ലൂ എയർലൈൻസിന്റെ ഫ്ലൈറ്റ് 948 എന്ന എയർബസ് എ321 വിമാനത്തിലാണ് ഡ്രോൺ ഇടിച്ചത്. ജൂൺ 29 ന് രാവിലെ പ്രാദേശിക സമയം 7:15-ഓടെയാണ് സംഭവം. ഏകദേശം 3,000 അടി ഉയരത്തിൽ വെച്ച് വിമാനത്തിന്റെ കോക്ക്പിറ്റിന് മുകളിൽ ഡ്രോൺ വന്നിടിച്ചതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് അടിയന്തര സന്ദേശം നൽകി.
അപകടം നടന്ന ഉടൻ തന്നെ പൈലറ്റ് വിമാനം സുരക്ഷിതമായി ജെ.എഫ്.കെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കി. ലാൻഡിംഗിന് ശേഷം എയർലൈൻ അധികൃതർ വിമാനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. വിമാനത്താവളങ്ങൾക്ക് സമീപം അനധികൃതമായി ഡ്രോൺ പറത്തുന്നത് അതീവ അപകടകരമാണെന്നും ഇത് ഗുരുതരമായ നിയമലംഘനമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുറ്റക്കാർക്ക് കനത്ത പിഴയും തടവുശിക്ഷ യുഗം ലഭിക്കാവുന്ന കുറ്റമാണിത്.ന്യൂയോർക്കിലെ തന്നെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കുറച്ചു ദിവസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ യുണൈറ്റഡ് എയർലൈൻസ് വിമാനവും ഡ്രോണും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. വിമാനത്താവളങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം അനധികൃത ഡ്രോൺ പറത്തലുകൾ ആഗോളതലത്തിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.