24, June, 2026
Updated on 24, June, 2026 87
ലണ്ടൻ : ലണ്ടൻ ജയിലിൽ കഴിയുന്ന തടവുകാരനും ഇന്ത്യയിൽ നിന്ന് മുങ്ങിയ വജ്രവ്യാപാരിയുമായ നീരവ് മോദിക്ക് യുകെ കോടതിയിൽ നിന്ന് വൻ തിരിച്ചടി. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 10.7 മില്യൺ ഡോളറിലധികം (100 കോടിയിലധികം രൂപ) വ്യക്തിഗത ഗ്യാരണ്ടി ഇനത്തിൽ നൽകാൻ ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു. ദുബായ് ആസ്ഥാനമായുള്ള ഫയർസ്റ്റാർ ഡയമണ്ട് എഫ്.സെഡ്.ഇ എന്ന കമ്പനി എടുത്ത വായ്പയുടെ വ്യക്തിഗത ജാമ്യക്കാരൻ എന്ന നിലയിലാണ് നീരവ് മോദി ഈ തുക നൽകേണ്ടത്. ലണ്ടൻ സർക്യൂട്ട് കൊമേഴ്സ്യൽ കോടതിയിലെ ജസ്റ്റിസ് സൈമൺ ടിങ്ക്‌ലർ ആണ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നതിന് വർഷങ്ങൾക്ക് മുമ്പ്, 2012 ജൂലൈയിലാണ് ബാങ്ക് ഓഫ് ഇന്ത്യ നീരവ് മോദിയുടെ ഫയർസ്റ്റാർ ഡയമണ്ട് കമ്പനിക്ക് വായ്പ അനുവദിച്ചത്. ഇതിന് പകരമായി 2013 ആഗസ്റ്റിൽ നീരവ് മോദി ബാങ്കിന് വ്യക്തിഗത ഗ്യാരണ്ടി ഒപ്പിട്ടു നൽകിയിരുന്നു. കമ്പനി വായ്പ തിരിച്ചടച്ചില്ലെങ്കിൽ സ്വന്തം നിലയിൽ ബാധ്യത ഏറ്റെടുക്കാമെന്നതായിരുന്നു ഈ കരാർ. എന്നാൽ 2018-ൽ പി.എൻ.ബി തട്ടിപ്പ് പുറത്തുവരികയും അന്വേഷണ ഏജൻസികൾ നീരവ് മോദിയുടെ കമ്പനികൾ കണ്ടുകെട്ടുകയും ചെയ്തതോടെ ഫയർസ്റ്റാർ ഗ്രൂപ്പിന്റെ സാമ്പത്തിക നില പൂർണ്ണമായും തകർന്നു. തുടർന്നാണ് വായ്പ തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ നീരവ് മോദിയെ സമീപിച്ചത്.പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് ലെറ്റർ ഓഫ് അണ്ടർടേക്കിങ് വഴി ഏകദേശം 14,000 കോടി രൂപ തട്ടിയെടുത്തു മുങ്ങിയ കേസിലെ പ്രധാന പ്രതിയാണ് നീരവ് മോദി. 2018-ൽ ഇന്ത്യ വിട്ട ഇയാളെ 2019 മാർച്ചിനാണ് ലണ്ടനിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയിലെ സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികൾക്ക് വിട്ടുനൽകാനുള്ള ഉത്തരവിനെതിരെ നീരവ് മോദി നൽകിയ അപ്പീലുകൾ യുകെ കോടതികൾ നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ച് ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തടയാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് നിലവിൽ നീരവ് മോദി.