22, June, 2026
Updated on 22, June, 2026 2
തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ കടുത്ത വാക്പോര്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്മേൽ നിയമസഭയിൽ ഇന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേരളത്തിൽ പകർച്ചവ്യാധി പടരുന്ന സാഹചര്യം നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗം മുഹമ്മദ് റിയാസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, സംസ്ഥാനത്ത് അടിയന്തരമായി ചർച്ച ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ജനുവരി മുതൽ ഒരു പ്രതിരോധ പ്രവർത്തനവും നടന്നിട്ടില്ലെന്നും സർക്കാരിനോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ കസേര മാറ്റിയതായും മന്ത്രി സഭയെ അറിയിച്ചു.ആരോഗ്യ മേഖലയിലെ 'കേരള മോഡൽ' പൂർണ്ണമായി തകർന്നു എന്ന് ആരോപിച്ചാണ് മുഹമ്മദ് റിയാസ് പ്രസംഗം ആരംഭിച്ചത്. കെ. മുരളീധരന്റെ തന്നെ പഴയൊരു വിവാദ പരാമർശം അദ്ദേഹം സഭയിൽ ആയുധമാക്കി. "എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പണ്ട് പറഞ്ഞ വ്യക്തിയാണ് ഇന്ന് ആരോഗ്യ വകുപ്പ് ഭരിക്കുന്നത്. പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ല. വ്യക്തിപരമായി മന്ത്രിയെ അധിക്ഷേപിക്കാൻ ഞാനില്ല. എന്നാൽ ആരോഗ്യവകുപ്പിൽ ഇപ്പോൾ യാതൊരു ഏകോപനവുമില്ല."
സ്ഥലംമാറ്റത്തിലും നിയമനങ്ങളിലും പത്ത് വർഷം മുൻപുള്ളവർ തിരിച്ചുവരികയാണെന്നും മന്ത്രിക്ക് എല്ലാവരെയും സ്ഥലംമാറ്റാനുള്ള തിരക്ക് മാത്രമാണുള്ളതെന്നും റിയാസ് കുറ്റപ്പെടുത്തി. നാല് ജില്ലകളിൽ ഡിഎംഒമാരില്ല. തമ്മിലടി കാരണം കോഴിക്കോടിന് മന്ത്രിയില്ലെന്നും, ഒരു മെഡിക്കൽ ഓഫീസറെയെങ്കിലും അവിടെ നിയമിച്ചുകൂടെയെന്നും അദ്ദേഹം ചോദിച്ചു. നിപ റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് മരുന്നെത്തിയത്. പ്രതിപക്ഷം പ്രതിഷേധിച്ചതുകൊണ്ട് മാത്രമാണ് മരുന്ന് എത്തിച്ചതെന്നും പറഞ്ഞ റിയാസ്, മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയേക്കാൾ ഭയക്കണമെന്നും ആഞ്ഞടിച്ചു.
മുഹമ്മദ് റിയാസിന്റെ കടുത്ത ആരോപണങ്ങൾക്ക് സമാനമായ രീതിയിൽ പരിഹാസ രൂപേണയാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ മറുപടി നൽകിയത്. "കഴിഞ്ഞ 10 വർഷത്തെ റീൽസും 5 വർഷത്തെ വീണ മീട്ടലുമാണ് ഈ സർക്കാർ നേരിടുന്ന പ്രധാന പ്രശ്നം. സംസ്ഥാനത്ത് ആകെ ഒരു നിപ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെവിടെയും എബോള സ്ഥിരീകരിച്ചിട്ടുമില്ല. ഭരണം മാറിയത് അറിയാതെ മുൻ സർക്കാരിനോട് കൂറ് കാണിക്കുന്ന ഉദ്യോഗസ്ഥരാണ് പ്രശ്നമുണ്ടാക്കുന്നത്."കെ മുരളീധരൻ പറഞ്ഞു.24 മണിക്കൂറിനുള്ളിൽ നിപയ്ക്കുള്ള മരുന്ന് വിദേശത്ത് നിന്ന് എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി സഭയിൽ അവകാശപ്പെട്ടു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ വരാതിരിക്കാനുള്ള മുൻകരുതലുകൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. ഭക്ഷ്യസുരക്ഷാ-ആരോഗ്യ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തുന്നുണ്ടെന്നും പൊതുജന പങ്കാളിത്തത്തോടെ ജാഗ്രത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.