കശ്മീരിൽ കനത്ത മേഘവിസ്ഫോടനം; വൻ നാശനഷ്ടങ്ങൾ ; തകർന്നടിഞ്ഞ് നിരവധി വീടുകൾ


17, June, 2026
Updated on 17, June, 2026 0



ശ്രീനഗർ : കശ്മീരിൽ കനത്ത മേഘവിസ്ഫോടനത്തെ തുടർന്ന് പ്രളയ സമാനമായ സാഹചര്യം. വടക്കൻ കാശ്മീരിലെ ബന്ദിപ്പോര ജില്ലയിലാണ് വലിയതോതിലുള്ള മേഘവിസ്ഫോടനം ഉണ്ടായത്. ഗുരേസ് സെക്ടറിലെ തുലൈൽ താഴ്‌വരയിലുള്ള തർതേയ് കിൽഷായ് എന്ന ഗ്രാമത്തെയാണ് ദുരന്തം പ്രധാനമായും ബാധിച്ചിരിക്കുന്നത്. മലമുകളിൽ മേഘവിസ്ഫോടനമുണ്ടായതിനെ തുടർന്ന് വൻതോതിൽ വെള്ളവും ചളിയും പാറക്കല്ലുകളും കുത്തിയൊലിച്ച് ജനവാസ മേഖലയിലേക്ക് ഇരച്ചുകയറുകയായിരുന്നു.


അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾക്കും ഏക്കർകണക്കിന് കൃഷിഭൂമിക്കും കനത്ത നാശനഷ്ടമുണ്ടായി. പെട്ടെന്ന് ജലനിരപ്പ് ഉയർന്നതോടെ പ്രദേശവാസികൾക്കിടയിൽ കനത്ത പരിഭ്രാന്തി ഉയരുകയും ജനങ്ങൾ വീടുകളിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യുകയും ചെയ്തു. പ്രദേശം പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ കർഷകരുടെ പ്രധാന ഉപജീവനമാർഗ്ഗമായ വിളകളും പച്ചക്കറിത്തോട്ടങ്ങളും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. 


മേഖലയിൽ ഇപ്പോഴും ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്. ദുരന്തബാധിതർക്ക് അടിയന്തര ധനസഹായവും താൽക്കാലിക പുനരധിവാസ സൗകര്യങ്ങളും ഒരുക്കണമെന്ന് നാട്ടുകാർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കൃത്യമായ അളവ് തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. ദുരന്തബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് ബന്ദിപ്പോര ജില്ലാ ഭരണകൂടം ഉറപ്പുനൽകി.




Feedback and suggestions