പ്രിയദർശിനി' പദ്ധതിക്ക് സംസ്ഥാനത്ത് ഔദ്യോഗിക തുടക്കമായി


15, June, 2026
Updated on 15, June, 2026 3


കേരളത്തിലെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ഉറപ്പാക്കുന്ന ചരിത്രപ്രധാനമായ 'പ്രിയദർശിനി' പദ്ധതിക്ക് സംസ്ഥാനത്ത് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു.തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രിയദർശിനി പദ്ധതിയുടെ ആദ്യ സർവീസിന്റെ അമരത്ത് പൂർണ്ണമായും വനിതകളായിരുന്നു. കെ.എസ്.ആർ.ടി.സിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ഷീലയായിരുന്നു ഉദ്ഘാടന ബസിന്റെ സാരഥി.ബസിലെ കണ്ടക്ടറും വനിതയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 ഓളം വി.ഐ.പിമാർ ഈ ചരിത്രയാത്രയിൽ സാധാരണക്കാരായ യാത്രക്കാർക്കൊപ്പം പങ്കാളികളായി. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിക്ക് പച്ചക്കൊടി വീശി. മറ്റ് വിവിധ ജില്ലകളിൽ അതത് മന്ത്രിമാരും ഉദ്ഘാടന ചടങ്ങുകൾ നിർവ്വഹിച്ചു.സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിനെതിരെ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മുഖ്യമന്ത്രി വി.ഡി. സതീശൻ വേദിയിൽ വെച്ച് തമാശ രൂപേണ മറുപടി നൽകി. "മെൻസ് അസോസിയേഷന്റെ പ്രതിഷേധം രസകരമാണ്. അവർ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ടല്ലോ. താനൊരു പുരുഷ വിരോധിയൊന്നുമല്ല. പക്ഷേ, സ്ത്രീകളുടെ കയ്യിലാണെങ്കിൽ മിച്ചം വരുന്ന പൈസ നേരെ വീട്ടിലെത്തും. എന്നാൽ പുരുഷനാണെങ്കിൽ ഈ പൈസയിൽ കുറച്ചുപേർ മാത്രമേ വീട്ടിൽ കൊടുക്കൂ. ബാക്കി തുക എവിടെപ്പോകും? അത് പലവഴിക്ക് തിരിഞ്ഞ് ഒടുവിൽ സർക്കാരിന് തന്നെ നികുതിയായി തിരികെ കിട്ടും."ഈ പദ്ധതി സ്ത്രീകളോടുള്ള ആദരവാണെന്നും സ്ത്രീകളെ ബഹുമാനിക്കാൻ ഒരു സമൂഹം പഠിക്കണമെന്നുള്ള ആഹ്വാനം കൂടിയാണ് ഈ സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൽകിയ വാക്കുകൾ പാലിച്ച് പുതുയുഗ കേരളത്തിലേക്കുള്ള യു.ഡി.എഫ് സർക്കാരിന്റെ നിർണ്ണായക ചുവടുവയ്പാണ് ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജോലി സംബന്ധമായി കിലോമീറ്ററുകളോളം ദിവസവും സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകൾക്ക് ഇത് വലിയൊരു സമ്പാദ്യമായി മാറും. ഇത്രയും നാൾ ടിക്കറ്റിനായി മാറ്റിവെച്ചിരുന്ന തുക അവരുടെ കയ്യിൽ ശേഷിക്കുന്നത് സ്ത്രീകളുടെ ആത്മവിശ്വാസവും മനക്കരുത്തും വർദ്ധിപ്പിക്കുമെന്നും, സമൂഹത്തിലെ എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.



















Feedback and suggestions