10, June, 2026
Updated on 10, June, 2026 2
ഇസ്ലാമാബാദ് : പാകിസ്താൻ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു. തന്ത്രപ്രധാന മേഖലയായ മുസഫറാബാദിന് സമീപമാണ് സൈനിക ഹെലികോപ്റ്റർ തകർന്നു വീണത്. പാക് സൈന്യത്തിന്റെ റഷ്യൻ നിർമ്മിത Mi-17 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ സൈനികരും മരണപ്പെട്ടതായി പാക് സായുധ സേനയുടെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മുസഫറാബാദിലെ താൽക്കാലിക സൈനിക താവളത്തിൽ നിന്നും പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. പെട്ടെന്നുണ്ടായ കനത്ത സാങ്കേതിക തകരാറാണ് ഹെലികോപ്റ്റർ തകരാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വൻ സ്ഫോടനത്തോടെയാണ് ഹെലികോപ്റ്റർ തകർന്നു വീണതെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. മരണപ്പെട്ട സൈനികരുടെ എണ്ണമോ പേരുവിവരങ്ങളോ നിലവിൽ പാകിസ്താൻ സൈന്യം പുറത്തുവിട്ടിട്ടില്ല.
30 സൈനികരെയോ അല്ലെങ്കിൽ 4,000 കിലോഗ്രാം വരെയുള്ള യുദ്ധോപകരണങ്ങളെയോ ഒരേസമയം വഹിക്കാൻ ശേഷിയുള്ള ഇടത്തരം ഗതാഗത ഹെലികോപ്റ്ററാണ് എംഐ-17. കശ്മീരിലെ മലയോര മേഖലകളിൽ പാക് സൈന്യം വ്യാപകമായി ഉപയോഗിക്കാറുള്ള ഹെലികോപ്റ്റർ ആണിത്. 2025 സെപ്റ്റംബറിലും പാകിസ്താന്റെ വടക്കൻ മേഖലയിൽ വച്ച് സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാരും മൂന്ന് സാങ്കേതിക വിദഗ്ധരും കൊല്ലപ്പെട്ടിരുന്നു.