മാസപ്പടി കേസ്: വീണ വിജയനെ പൂട്ടാൻ ഇഡി; എസ്എഫ്ഐഒ ശേഖരിച്ച തെളിവുകൾ ആവശ്യപ്പെട്ട് കോടതിയിൽ


7, June, 2026
Updated on 7, June, 2026 1


സി എം ആർ എൽ മാസപ്പടി കേസിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിനെതിരായ സുപ്രധാന തെളിവുകൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നീക്കം ശക്തമാക്കി. കേസിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള എസ്.എഫ്.ഐ.ഒ. (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) നേരത്തെ കസ്റ്റഡിയിലെടുത്ത 134 പ്രധാന തെളിവുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ആവശ്യപ്പെട്ട് ഇ.ഡി. കൊച്ചിയിലെ പ്രത്യേക പി.എം.എൽ.എ. കോടതിയെ സമീപിച്ചു. വീണയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നതിന് മുന്നോടിയായി തെളിവുകൾ ശക്തമാക്കുകയാണ് ഇതിലൂടെ ഇ.ഡി. ലക്ഷ്യമിടുന്നത്.


കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലുമായി വീണ തൈക്കണ്ടിയിലും അവരുടെ ഉടമസ്ഥതയിലുള്ള ഐ.ടി. കമ്പനിയായ എക്സാലോജിക്കും നടത്തിയ മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും രേഖകളാണ് ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടർ അരുൺ കുമാർ ചാരി കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. 2016 ഡിസംബർ 30-ന് സി.എം.ആർ.എല്ലുമായി വീണ ഒപ്പുവെച്ച കരാറിന്റെ പകർപ്പ്, 2017 മാർച്ച് രണ്ടിന് എക്സാലോജിക്കും കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ കരാർ, എക്സാലോജിക് കമ്പനി നൽകിയ സേവനങ്ങളുടെ വിശദാംശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, എംപവർ ഇന്ത്യ ക്യാപിറ്റൽ കമ്പനിയുടെ ലോൺ വിവരങ്ങളും വീണയുമായി കമ്പനി നടത്തിയ വായ്പാ ഇടപാട് രേഖകളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്.


സാമ്പത്തിക ഇടപാട് രേഖകൾക്ക് പുറമെ എക്സാലോജിക്കിലെ ജീവനക്കാരുടേതടക്കം എസ്.എഫ്.ഐ.ഒ. രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പും വിട്ടുനൽകണമെന്നാണ് ഇ.ഡി.യുടെ ആവശ്യം. ഇ.ഡി. ആവശ്യപ്പെട്ട ഈ സുപ്രധാന തെളിവുകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ.യുടെ നിലപാട് കോടതി തേടിയിട്ടുണ്ട്. കോടതി തിങ്കളാഴ്ച ഈ ഹർജി പരിഗണിക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ഇ.ഡി. ഉന്നതതല യോഗത്തിൽ കേസിന്റെ തുടർനടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കോടതിയെ സമീപിച്ചുകൊണ്ടുള്ള ഈ ചടുല നീക്കം.




Feedback and suggestions