7, June, 2026
Updated on 7, June, 2026 55
ന്യൂഡൽഹി : ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വിലയിൽ വീണ്ടും വർദ്ധനവ്. 14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറിന് 29 രൂപയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക പാചകവാതക വില കൂട്ടുന്നത്. ഇതിനുമുമ്പ് മാർച്ച് 7-ന് സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങളുമാണ് അടിക്കടിയുള്ള വിലവർധനവിന് കാരണമാകുന്നത്. ഒപ്പം സൗദി കോൺട്രാക്ട് പ്രൈസ് ഫെബ്രുവരിക്ക് ശേഷം 46 ശതമാനത്തോളം ഉയർന്നതും ആഗോളതലത്തിൽ ഇന്ധന വിതരണത്തിൽ ഉണ്ടായ തടസ്സങ്ങളും ആഭ്യന്തര വിപണിയെ ബാധിച്ചു. വില വർദ്ധിപ്പിച്ചെങ്കിലും നിലവിൽ അന്താരാഷ്ട്ര വിപണിയിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണക്കമ്പനികൾക്ക് ഇപ്പോഴും വലിയ നഷ്ടമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.