ആഗോള പ്രതിസന്ധികൾക്കിടയിലും കരുത്തായി ഇന്ത്യ; സാമ്പത്തിക വളർച്ചയിൽ മികച്ച മുന്നേറ്റം; വളർച്ച നിരക്കിൽ ചൈനയും യുഎസും പിന്നിൽ


5, June, 2026
Updated on 5, June, 2026 2



ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ മികച്ച മുന്നേറ്റം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച മുൻ വർഷത്തെ 7.1 ശതമാനത്തിൽ നിന്ന് 7.7 ശതമാനമായി ഉയർന്നു.


FY26-ൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 323.12 ലക്ഷം കോടി രൂപയായി ഉയർന്നതായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷം ഇത് 299.89 ലക്ഷം കോടി രൂപയായിരുന്നു. പണപ്പെരുപ്പത്തിന്റെ ആഘാതം ഉൾപ്പെടെ കണക്കാക്കിയാൽ, നാമമാത്ര ജിഡിപി 8.9 ശതമാനം വർധിച്ച് 346.36 ലക്ഷം കോടി രൂപയായി. 2026 ജനുവരി-മാർച്ച് കാലയളവിൽ സമ്പദ്‌വ്യവസ്ഥ 7.8 ശതമാനം വളർച്ച രേഖപ്പെടുത്തി. അവസാന പാദത്തിലും സാമ്പത്തിക വളർച്ചയുടെ വേഗത നിലനിർത്താൻ ഇന്ത്യക്ക് കഴിഞ്ഞു.


സേവന മേഖലയാണ് സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. കൂടാതെ നിർമ്മാണം, നിർമ്മാണരംഗം (construction), മറ്റ് വ്യാവസായിക മേഖലകൾ എന്നിവയും വളർച്ചയ്ക്ക് വലിയ സംഭാവന നൽകിയെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. വ്യാവസായിക ഉൽപ്പാദനം, ജിഎസ്ടി പിരിവ്, കോർപ്പറേറ്റ് ഫലങ്ങൾ, വാഹന വിൽപന, ബാങ്കിംഗ് പ്രവർത്തനങ്ങൾ തുടങ്ങിയ ഒട്ടനവധി സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.ഈ വർഷം ഫെബ്രുവരിയിൽ സർക്കാർ അവതരിപ്പിച്ച 2022-23 അടിസ്ഥാന വർഷമാക്കിയുള്ള പുതിയ ജിഡിപി പരമ്പരയുടെ ഭാഗമായാണ് FY26-ലെ ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിലെ ജിഡിപി കണക്കുകൾ 2026 ഓഗസ്റ്റ് 31-ന് പുറത്തുവിടുമെന്നും മന്ത്രാലയം അറിയിച്ചു.






Feedback and suggestions