3, June, 2026
Updated on 3, June, 2026 3
വാഷിംഗ്ടണ്‍: ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ഏബോള വൈറസ് സംബന്ധിച്ച് പുറത്തുവരുന്ന കണക്കുകളെക്കാള്‍ കൂടുതലാണ് രോഗവ്യാപനമെന്നു ഇന്റര്‍നാഷ്ണല്‍ റെസ്‌ക്യു കമ്മിറ്റി. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്നും ഐആര്‍സി വ്യക്തമാക്കി. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഐആര്‍സി അഭിപ്രായത്തില്‍, രോഗബാധിതരെ കണ്ടെത്തുന്നതിലെ കാലതാമസവും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുന്നതിലെ ഗുരുതരമായ വീഴ്ച്ചയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്.
ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നിലവില്‍ ഡി.ആര്‍.സിയില്‍ 1,000 ലധികം സംശയാസ്പദ എബോള കേസുകളും 200 ലധികം സംശയാസ്പദ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഐആര്‍സിയുടെ വിലയിരുത്തലനുസരിച്ച്, എബോള വൈറസ് മാര്‍ച്ചിന് മുമ്പ് തന്നെ പടര്‍ന്നതാവാം. എന്നാല്‍ അപ്പോള്‍ തിരിച്ചറിഞ്ഞില്ല. മേയ് മധ്യത്തില്‍ പകര്‍ച്ചവ്യാധി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മൂന്ന് മാസം മുമ്പ് മുതല്‍ രോഗവ്യാപനം നടന്നിരിക്കാമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു.
നിലവില്‍ രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ 20 ശതമാനം പേരെ മാത്രമാണ് കണ്ടെത്തി നിരീക്ഷിക്കാന്‍ കഴിയുന്നത്. ഇതുമൂലം രോഗവ്യാപന ശൃംഖലകള്‍ തിരിച്ചറിയുകയും തടയുകയും ചെയ്യുന്നതില്‍ ആരോഗ്യ അധികൃതര്‍ ബുദ്ധിമുട്ടുകയാണ്.
അതിനിടെ, ഉഗാണ്ടയിലും എബോള വ്യാപനം രൂക്ഷമാകുകായാണ്. ബുറുണ്ടി, സൗത്ത് സുഡാന്‍ എന്നിവിടങ്ങളിലേക്കും രോഗം വ്യാപിക്കുമെന്ന ആശങ്കയും ഐആര്‍സി പങ്കുവച്ചു. രോഗനിര്‍ണയത്തിനാവശ്യമായ ഉപകരണങ്ങളുടെ കുറവും പരിശോധനാഫലങ്ങളില്‍ ഉണ്ടാകുന്ന കാലതാമസവും കേസുകള്‍ സ്ഥിരീകരിക്കുന്നത് മന്ദഗതിയിലാക്കുകയാണ്. ഇതുമൂലം രോഗവ്യാപനത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി വ്യക്തമാകാതെ പോകുന്നായും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കുറഞ്ഞത് ആറ് ആരോഗ്യപ്രവര്‍ത്തകര്‍ എബോള ബാധിച്ച് മരിച്ചതായും അവര്‍ അറിയിച്ചു. കൂടാതെ, ആളുകള്‍ ആശുപത്രികളിലേക്ക് പോകുന്നത് ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുമൂലം രോഗബാധിതര്‍ ചികിത്സ തേടാതെ സമൂഹത്തിനുള്ളില്‍ തന്നെ തുടരുന്നുവെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.നിലവിലെ എബോളാ വ്യാപന സാഹചര്യം 2018-2020 കാലഘട്ടത്തില്‍ ഡി.ആര്‍.സിയിലെ പകര്‍ച്ചവ്യാധിയോട് സാമ്യമുള്ളതാണെന്നു ഐആര്‍സിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഹോവാര്‍ഡ് ചൂണ്ടിക്കാട്ടി. അന്നത്തെ പകര്‍ച്ചവ്യാധിയില്‍ 3,400-ലധികം കേസുകളും 2,200-ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.