പകൽ ഓഫീസ് ജോലി, രാത്രിയിൽ കഞ്ചാവ് കൃഷി; ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ പിടിയിൽ


2, June, 2026
Updated on 2, June, 2026 5



തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് ചെടികൾ വളർത്തിയ ഹരിയാന സ്വദേശിയായ വിശാൽ (26) എന്ന ഐടി മാനേജരെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിൽ ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിൽ മാനേജരായി ജോലി നോക്കുകയാണ് ഇയാൾ.ഓപ്പറേഷൻ തൂഫാനി'ന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ ഫ്ലാറ്റിലെ പരിശോധനയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. ഫ്ലാറ്റിലെ കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം അത്യാധുനിക രീതിയിലാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. പ്രത്യേക ചെടിച്ചട്ടികൾ, മുട്ട വാങ്ങുന്ന കവറുകൾ, ചെറിയ പാത്രങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു കൃഷി. ഏകദേശം 30 സെന്റീമീറ്റർ വരെ ഉയരമുള്ള 70-ഓളം കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെടുത്തു.പകൽ ഐടി മാനേജരായി ജോലി ചെയ്യുന്ന വിശാൽ, രാത്രിയിലാണ് കഞ്ചാവ് ചെടികളുടെ പരിപാലനം നടത്തിയിരുന്നത്. രാസവളങ്ങളൊന്നും നൽകാതെ ജൈവവളം മാത്രമാണ് ചെടികൾക്ക് നൽകിയിരുന്നത്. കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ഉദ്ദേശ്യം ഇയാൾക്കില്ലായിരുന്നുവെന്നും, പൂർണ്ണമായും സ്വന്തം ആവശ്യത്തിനാണ് കൃഷി ചെയ്തതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. കഞ്ചാവിലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതും, ചമ്മന്തി രൂപത്തിൽ അരച്ചു കഴിക്കുന്നതുമാണ് ഇയാളുടെ രീതി എന്ന് പൊലീസ് പറയുന്നു.ഉയർന്ന ശമ്പളമുള്ള ഒരു ഐടി പ്രൊഫഷണൽ ഇത്തരത്തിൽ ഫ്ലാറ്റിൽ വിപുലമായ രീതിയിൽ കഞ്ചാവ് കൃഷി നടത്തിവന്നത് പൊലീസിനെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു.












'




Feedback and suggestions