18, June, 2026
Updated on 18, June, 2026 90
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് അധികരത്തിലെത്തിയ നടൻ വിജയ്‌യുടെ ടിവികെ സർക്കാർ ആദ്യ നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ തങ്ങളുടെ രാഷ്ട്രീയ-നയതന്ത്ര നിലപാടുകൾ വ്യക്തമാക്കി. മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാരിന്റെ പുതിയ അണക്കെട്ട് എന്ന ആവശ്യത്തെ ശക്തമായി എതിർക്കുമെന്നും കേരളത്തിന്റെ ശ്രമങ്ങൾ തടയുമെന്നും തമിഴ്‌നാട് സർക്കാർ നയപ്രഖ്യാപന പ്രസംഗത്തിലൂടെ വ്യക്തമാക്കി.കീഴ്‌വഴക്കങ്ങൾ പിന്തുടർന്ന് ആരംഭിച്ച സഭാ സമ്മേളനത്തിൽ ആദ്യം തമിഴ് തായ് വാഴ്ത്തും പിന്നാലെ ദേശീയഗാനവും ആലപിച്ചു. എന്നാൽ വന്ദേമാതരം ആലപിച്ചില്ല എന്നത് ശ്രദ്ധേയമായി. പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച ഗവർണർ, ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണെന്ന് അടിവരയിട്ടു പറഞ്ഞു. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ ദർശനങ്ങളെ മുൻനിർത്തിയായിരിക്കും സർക്കാരിന്റെ പ്രയാണമെന്നും പ്രസംഗത്തിൽ പരാമർശമുണ്ട്.മുൻ ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഉന്നയിച്ചത്. മുൻ സർക്കാർ സംസ്ഥാനത്തെ ലഹരിയൊഴുക്ക് തടയുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് സർക്കാർ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിൽ കുറ്റകൃത്യങ്ങൾ പെരുകാൻ പ്രധാന കാരണം ഈ ലഹരിയൊഴുക്കാണെന്നും, പുതിയ സർക്കാർ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.