27, May, 2026
Updated on 27, May, 2026 5
രാജ്യസുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 'ചതുഷ്കോണ സുരക്ഷാ ശൃംഖല' എന്ന പുതിയ ആശയവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തി സുരക്ഷ എന്നത് സുരക്ഷാ സേനയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും, അതിൽ ജനങ്ങളുടെയും പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം ബിക്കാനീറിൽ പറഞ്ഞു.
അതിർത്തി സുരക്ഷ ഉറപ്പുവരുത്താൻ ബി.എസ്.എഫ്, സൈന്യം, അതിർത്തി നിവാസികൾ, തദ്ദേശ ഭരണകൂടം എന്നിവരടങ്ങുന്ന ഒരു ചതുഷ്കോണ സുരക്ഷാ ശൃംഖല അനിവാര്യമാണെന്ന് അമിത് ഷാ വ്യക്തമാക്കി. രാജസ്ഥാനിലെ ബിക്കാനീറിൽ ബി.എസ്.എഫ് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നാല് വിഭാഗങ്ങളും തമ്മിലുള്ള ഏകോപനമില്ലാതെ ഒരു സുരക്ഷിത അതിർത്തി എന്ന സങ്കൽപ്പം അസാധ്യമാണ്. അതിർത്തിക്ക് പുറത്തുനിന്നുള്ള ഭീഷണികൾ മാത്രമല്ല, ഉള്ളിൽ നിന്ന് പ്രവർത്തിക്കുന്ന വിഘടനവാദി ശക്തികളെയും നിരീക്ഷിക്കണം. അതിർത്തി ഗ്രാമങ്ങളെ വികസിപ്പിക്കാനുള്ള കേന്ദ്ര പദ്ധതികൾക്ക് കൂടുതൽ മുൻഗണന നൽകണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ അതിർത്തി ഗ്രാമങ്ങളിൽ 100 ശതമാനം എത്തിക്കാൻ ബി.എസ്.എഫ് മുൻകൈ എടുക്കണം.
അതിർത്തി പ്രദേശങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികളുമായും യുവാക്കളുമായും ബി.എസ്.എഫ് സൈനികർ നിരന്തരം ആശയവിനിമയം നടത്തണം. പുതിയ തലമുറയെ സുരക്ഷാ കാര്യങ്ങളിൽ ബോധവൽക്കരിക്കണം. അതിർത്തി കടന്നുള്ള കള്ളക്കടത്തും ഡ്രോൺ ഉപയോഗിച്ചുള്ള ഭീഷണികളും നിരീക്ഷിക്കാൻ കൂടുതൽ ജാഗ്രത വേണമെന്ന് അമിത് ഷാ നിർദ്ദേശിച്ചു. അതിർത്തിക്കപ്പുറത്ത് നിന്ന് അയക്കുന്ന വസ്തുക്കൾ സ്വീകരിക്കുന്നവരെയും അവ ഉപയോഗിക്കുന്നവരെയും തദ്ദേശ പോലീസുമായി ചേർന്ന് കൃത്യമായി നിരീക്ഷിക്കണം. "ഇതൊരു നാല് ലെയർ സിസ്റ്റമല്ല, മറിച്ച് എല്ലാ പങ്കാളികളുടെയും സംയുക്ത ഉത്തരവാദിത്തമാണ്," എന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.