അമേരിക്കൻ പ്രവാസികൾക്ക് ഇടിത്തീ! പൗരത്വ ഫീസ് 75% വർദ്ധിപ്പിക്കാൻ ട്രംപ് സർക്കാർ?


23, June, 2026
Updated on 23, June, 2026 2


അമേരിക്കൻ പൗരത്വം സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക്, പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തിന് കനത്ത തിരിച്ചടിയേകി ട്രംപ് സർക്കാരിന്റെ പുതിയ നീക്കം. നിയമപരമായ കുടിയേറ്റക്കാർക്ക് പൗരത്വത്തിനായി അപേക്ഷിക്കാനുള്ള ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് ശുപാർശ സമർപ്പിച്ചു. വരുമാനം കുറഞ്ഞ അപേക്ഷകർക്ക് ഇതുവരെ ലഭ്യമായിരുന്ന ഫീസ് ഇളവുകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും പൂർണ്ണമായും നിർത്തലാക്കാനും പുതിയ നിർദ്ദേശത്തിൽ വ്യവസ്ഥയുണ്ട്. പൗരത്വ അപേക്ഷാ ഫീസിൽ ഏകദേശം 75 ശതമാനത്തോളം വമ്പൻ വർദ്ധനവാണ് വരുത്താൻ ഉദ്ദേശിക്കുന്നത്.


പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ പേപ്പർ വഴിയുള്ള അപേക്ഷാ ഫീസ് 760 ഡോളറിൽ (72,960 രൂപ) നിന്ന് 1,330 ഡോളറായും (1,27,680 രൂപ), ഓൺലൈൻ അപേക്ഷാ ഫീസ് 710 ഡോളറിൽ (68,160 രൂപ) നിന്ന് 1,280 ഡോളറായും (1,22,880 രൂപ) ഉയരും. അതായത് അപേക്ഷകർ 570 ഡോളർ (54,720 രൂപ) അധികമായി നൽകേണ്ടി വരും. ഇതിനുപുറമെ, പൗരത്വം നിഷേധിക്കപ്പെട്ടതിനെതിരെ പുനഃപരിശോധനാ ഹർജി നൽകാനുള്ള ഫീസും 830 ഡോളറിൽ നിന്ന് 1,475 ഡോളറായി (ഏകദേശം 77.7% വർദ്ധനവ്) ഉയർത്താനാണ് ശുപാർശ. അതേസമയം വരുമാന പരിധി നോക്കിയുള്ള ഇളവുകൾ പൂർണ്ണമായി ഇല്ലാതാകുമെങ്കിലും അമേരിക്കൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവർക്കുള്ള ഫീസ് ഇളവുകൾ തുടരും. ഈ ഫീസ് വർദ്ധനവ് അമേരിക്കയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ് നേരിട്ട് ബാധിക്കുക. പ്രത്യേകിച്ച്, എച്ച്-1ബി (H-1B) വിസയിലെത്തി പിന്നീട് ഗ്രീൻ കാർഡ് സ്വന്തമാക്കി പൗരത്വത്തിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇത് വൻ സാമ്പത്തിക ബാധ്യതയാകും. നിലവിൽ ‘നോട്ടീസ് ഓഫ് പ്രൊപ്പോസ്ഡ് റൂൾമേക്കിങ്’ ആയി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നിർദ്ദേശത്തിന്മേൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലാവധിക്ക് ശേഷമായിരിക്കും പുതിയ നിയമം അന്തിമമായി നടപ്പിലാക്കുക.




Feedback and suggestions