23, June, 2026
Updated on 23, June, 2026 2
യൂറോപ്പിൽ കനക്കുന്ന ഉഷ്ണതരംഗത്തിനിടെ ഫ്രാൻസിൽ വൻ ദുരന്തം. കടുത്ത ചൂടിൽ നിന്ന് ആശ്വാസം തേടി ജലാശയങ്ങളിൽ ഇറങ്ങിയ ഇരുപതോളം പേർ മുങ്ങിമരിച്ചു. കഴിഞ്ഞ വാരാന്ത്യം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ അപകടങ്ങളിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടമായത്. ഫ്രാൻസിലെ മേൽനോട്ടമില്ലാത്തതും നീന്താൻ അനുമതിയില്ലാത്തതുമായ പ്രദേശങ്ങളിൽ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടതെന്ന് ഫ്രഞ്ച് അധികൃതർ സ്ഥിരീകരിച്ചു.
യൂറോപ്പിന്റെ വലിയൊരു ഭാഗത്തെ നിലവിൽ കടുത്ത ഉഷ്ണതരംഗം വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ഫ്രാൻസിന്റെ പല ഭാഗങ്ങളിലും താപനില കുതിച്ചുയരുകയാണ്. പലയിടങ്ങളിലും താപനില ഏകദേശം 40 ഡിഗ്രി സെൽഷ്യസ് (104 ഡിഗ്രി ഫാരൻഹീറ്റ്) വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരായ ‘മെറ്റിയോഫ്രാൻസ്’ നൽകുന്ന മുന്നറിയിപ്പ്. ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.രാജ്യത്ത് ഉഷ്ണതരംഗം മൂലം മുങ്ങിമരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കർശന നിർദ്ദേശവുമായി ഫ്രഞ്ച് കായിക മന്ത്രി മറീന ഫെരാരി രംഗത്തെത്തി. ഫ്രാൻസ് ഇന്റർ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കഴിഞ്ഞ വാരാന്ത്യം മുതൽ ഇരുപതോളം മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രി സ്ഥിരീകരിച്ചത്. ഉഷ്ണതരംഗ സമയത്ത് നീന്താൻ അനുമതിയില്ലാത്തതും സുരക്ഷാ ജീവനക്കാരുടെ മേൽനോട്ടമില്ലാത്തതുമായ പ്രദേശങ്ങളിൽ ഇറങ്ങുന്നത് നിസ്സാരമായി കാണരുതെന്നും അത് ജീവന് തന്നെ ഭീഷണിയാണെന്നും മന്ത്രി ജനങ്ങളെ ഓർമ്മിപ്പിച്ചു.ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസം തേടി ആളുകൾ കൂട്ടത്തോടെ നദികളിലേക്കും തടാകങ്ങളിലേക്കും ഇറങ്ങുന്നതാണ് അപകടങ്ങളുടെ എണ്ണം കൂട്ടുന്നത്. കൃത്യമായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ജലാശയങ്ങളിലെ ഒഴുക്കും ആഴവും മനസ്സിലാക്കാതെ ഇറങ്ങുന്നതാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നത്. വരും ദിവസങ്ങളിലും ചൂട് ശക്തമായി തുടരുമെന്നതിനാൽ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിൽ മാത്രം നീന്താൻ ഇറങ്ങണമെന്നും ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു. യൂറോപ്പിലെ ഉഷ്ണതരംഗവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വരും ദിവസങ്ങളിലും കടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.