ജൂൺ 15 മുതൽ കെഎസ്ആർടിസി സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി; ഉറപ്പ് പാലിച്ച് വിഡി ഗവൺമെന്റ്


18, May, 2026
Updated on 18, May, 2026 6


തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ മന്ത്രിസഭ തീരുമാനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. യുഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിര ഗ്യാരന്റിയിലെ രണ്ട് കാര്യങ്ങൾ ഉടനെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്നും മറ്റ് വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ആശാ വ‍‍‍ർക്കേഴ്സ്, അം​ഗണവാടി ജീവനക്കാ‍‍‍ർക്കും ആശ്വാസകരമായ തീരുമാനങ്ങളാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. ആദ്യ മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.നിയമസഭ സമ്മേളനം, മെയ് 21ന് നടക്കും. അന്നേദിവസം എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുമെന്നും 22ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനും ഗവർണറോട് ശുപാർശ ചെയ്തിട്ടുണ്ട്. അനുമതി ലഭിച്ചാൽ അവ നടത്തുമെന്നും മെയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജി സുധാകരനായിരിക്കും പ്രോ ടേം സ്പീക്കര്‍. ടി അസഫലിയെ ഡയറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിച്ചു.ആശാപ്രവർത്തകരെ മറന്നിട്ടില്ലെന്നും അവരുടെ ഓണറേറിയം കൂട്ടിയതായും മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. 3000 രൂപയാണ് വർധിപ്പിച്ചത്. റിട്ടയർമെന്റെ ബെനഫിറ്റ് സംബന്ധിച്ച യോഗം അടുത്ത ഒരു മാസത്തിനുള്ളിൽ കൂടി തീരുമാനങ്ങൾ പ്രഖ്യാപിക്കും. കുറച്ച് കൂടി കഴിയുമ്പോൾ ഒരു ഘട്ടം കൂടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാചക തൊഴിലാളികൾ‌ക്കും വേതനം ആയിരം രൂപ വ‍‍ർധിപ്പിച്ചു. പ്രീ പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ വേതനം കൂട്ടി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ കൂടുതൽ സഹായം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷമാണ് നിലവിലെ തീരുമാനങ്ങൾ എടുത്തതെന്നും ഉടനെ സാമ്പത്തിക ധവള പത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


വയോജന വകുപ്പ്

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. ഇത് ഏറ്റവും നന്നായി നടപ്പിലാക്കിയ രാജ്യം ജപ്പാനാണ്. അവരുടെ മോഡൽ പരിശോധിച്ചായിരിക്കും സംസ്ഥാനത്ത് ആ വകുപ്പ് കൊണ്ടുവരുന്നത്.


ഗൺമാൻ മർദനത്തിൽ അന്വേഷണം

ആലപ്പുഴയിൽ വച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്തും. ഇതിനായി സ്പെഷ്യൽ ടീമിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.




Feedback and suggestions