11, May, 2026
Updated on 11, May, 2026 45
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് ഊർജിതമാക്കി. വിഷയം ചർച്ച ചെയ്യുന്നതിനായി രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേരിനാണ് നിലവിൽ മുൻതൂക്കം ലഭിക്കുന്നത്. എങ്കിലും, പാർട്ടിയിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിച്ച ശേഷം അന്തിമ പ്രഖ്യാപനം മതിയെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. സഖ്യകക്ഷി നേതാക്കളുമായും അദ്ദേഹം ഫോണിൽ സംസാരിക്കുമെന്നാണ് വിവരം.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നിർണ്ണായകമായ അഭിപ്രായ സമന്വയത്തിനായി കേരളത്തിലെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. മുൻ പി.സി.സി അധ്യക്ഷന്മാരായ കെ. സുധാകരൻ, കെ. മുരളീധരൻ, എം.എം. ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ഇന്ന് രാത്രി തന്നെ ഡൽഹിയിലേക്ക് തിരിക്കും. ഇവരുമായുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വേണുഗോപാലിന്റെ പേര് ഉയർന്നു കേൾക്കുന്നതിനിടെ ചില പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതും ഹൈക്കമാൻഡ് ഗൗരവമായി കാണുന്നുണ്ട്.മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നാളെയോ മറ്റന്നാളോ ഉണ്ടാകാനാണ് സാധ്യത. നിലവിലെ ചർച്ചകൾ പ്രകാരം സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി പദം ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രഖ്യാപനം ഡൽഹിയിൽ വെച്ച് ഖർഗെയോ രാഹുലോ നടത്തണോ അതോ കേരളത്തിൽ നിയമസഭാ കക്ഷിയോഗം വിളിച്ച് നടത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഘടകകക്ഷികൾക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ എതിർപ്പില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്.