ആഡംബര വിവാഹങ്ങളും അത്യാവശ്യമല്ലാത്ത സ്വർണം വാങ്ങലും ഒഴിവാക്കണം, വിദേശയാത്ര കുറയ്ക്കണം’; സാമ്പത്തിക പ്രതിസന്ധി നേരിടാൻ ജനങ്ങളോട് ആഹ്വാനവുമായി മോദി


11, May, 2026
Updated on 11, May, 2026 1


ഹൈദരാബാദ്: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും വിലക്കയറ്റം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ജനങ്ങളുടെ സഹകരണംനിർണായകമാണെന്ന് പ്രധാനമന്ത്രി. ഹൈദരാബാദിൽ നടന്ന പൊതുചടങ്ങിൽ സംസാരിക്കവേ രാജ്യസ്നേഹം അതിർത്തിയിൽ മാത്രം പ്രകടമാക്കേണ്ടതല്ല, ദൈനംദിന ജീവിതത്തിലെ ഉത്തരവാദിത്വപരമായ തീരുമാനങ്ങളിലൂടെയും അത് തെളിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.


രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടത് ഇന്നത്തെ പ്രധാന വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അനാവശ്യ വിദേശ യാത്രകളും വിദേശരാജ്യങ്ങളിൽ നടത്തുന്ന ആഡംബര വിവാഹങ്ങളും ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു. ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താൻ സ്വദേശീയ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണമെന്നും ആഭ്യന്തര വിനോദസഞ്ചാരം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

പിസി ന്യൂസ്‌ വാർത്ത,

ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്നും കാർ പൂളിങ് വ്യാപകമാക്കണമെന്നും മോദി പറഞ്ഞു. ചരക്കുനീക്കത്തിനായി റെയിൽവേയെ കൂടുതൽ ആശ്രയിക്കണമെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ജനങ്ങൾ മാറണമെന്നും അദ്ദേഹം നിർദേശിച്ചു. ‘വർക്ക് ഫ്രം ഹോം’ സംവിധാനങ്ങൾ സാധ്യമായിടത്ത് കൂടുതൽ പ്രയോജനപ്പെടുത്തുന്നതും ഇന്ധന ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിസി ന്യൂസ്‌ വാർത്ത,

അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമല്ലാത്ത സ്വർണവാങ്ങൽ ഒഴിവാക്കണമെന്ന് അഭ്യർഥിച്ച പ്രധാനമന്ത്രി ഭക്ഷ്യഎണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് പറഞ്ഞു. കർഷകർ രാസവളങ്ങളുടെ ഉപയോഗം പകുതിയായി കുറയ്ക്കുകയും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ സംവിധാനങ്ങളിലേക്ക് മാറുകയും വേണമെന്നുമാണ് അദ്ദേഹത്തിന്റെ നിർദേശം.ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും അന്താരാഷ്ട്ര വിലക്കയറ്റവും ഇന്ത്യയെ ബാധിക്കുന്ന ഈ ഘട്ടത്തിൽ, സർക്കാർ മാത്രം മതിയാകില്ലെന്നും ജനങ്ങളുടെ കൂട്ടായ പങ്കാളിത്തവും ഉത്തരവാദിത്വപരമായ സമീപനവുമാണ് രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്താൻ സഹായിക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.






Feedback and suggestions