9, May, 2026
Updated on 9, May, 2026 54
ഇന്ത്യൻ പ്രതിരോധ സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ആയി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെയും നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും നിയോഗിച്ചു. നിലവിലെ സി.ഡി.എസ് ജനറൽ അനിൽ ചൗഹാൻ മെയ് 30-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചിരിക്കുന്നത്. സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിക്കും.
നിലവിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ മിലിട്ടറി അഡ്വൈസറായി പ്രവർത്തിക്കുകയാണ് അദ്ദേഹം. 1985-ൽ ഗർവാൾ റൈഫിൾസിലൂടെയാണ് സേവനമാരംഭിച്ചത്. കരസേനാ വൈസ് ചീഫ്, സെൻട്രൽ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് തുടങ്ങിയ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. പി.വി.എസ്.എം, എ.വി.എസ്.എം ഉൾപ്പെടെയുള്ള നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.
വെസ്റ്റേൺ നേവൽ കമാൻഡറായ വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ അടുത്ത നാവികസേനാ മേധാവിയാകും. വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയുടെയും ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐ.എൻ.എസ് മൈസൂരിന്റെയും ക്യാപ്റ്റനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 1987-ലാണ് നാവികസേനയിൽ കമ്മീഷൻ ചെയ്തത്. യുദ്ധക്കപ്പലുകളുടെയും ആയുധങ്ങളുടെയും സംഭരണച്ചുമതലയുള്ള വൈസ് ചീഫ് ഓഫ് നേവി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.രാജ്യത്തിന്റെ പ്രതിരോധ നയരൂപീകരണത്തിലും സൈനിക നവീകരണത്തിലും നിർണ്ണായക പങ്ക് വഹിക്കാൻ ഈ പുതിയ നിയമനങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മെയ് 30-ന് ഇരുനേതാക്കളും ഔദ്യോഗികമായി ചുമതലയേൽക്കും.