ദാഹം തീർക്കാൻ കുടിച്ചത് അഞ്ച് ലിറ്റർ വെള്ളം, ഡൽഹിയിൽ യുവാവ് തളർന്നുവീണു; അമിതജലപാനം അപകടമോ?


2, May, 2026
Updated on 2, May, 2026 3


കൊടുംചൂടിൽ നിന്നും രക്ഷനേടാൻ അമിതമായി വെള്ളം കുടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്. ഡൽഹിയിൽ അഞ്ച് ലിറ്ററോളം വെള്ളം കുടിച്ച 25 വയസ്സുകാരനായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തളർന്നുവീണ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിർജലീകരണം തടയാൻ ശ്രമിക്കുന്നതിനിടെ ‘ഹൈപ്പോനാട്രീമിയ’ എന്ന അവസ്ഥയിലെത്തിയതാണ് യുവാവിനെ അപകടത്തിലാക്കിയത്.


ജോലിയുടെ ഭാഗമായി നഗരത്തിലുടനീളം സഞ്ചരിക്കേണ്ടി വന്ന യുവാവ് ചൂട് പ്രതിരോധിക്കാൻ തുടർച്ചയായി വെള്ളം കുടിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ശരീരം തളരുകയും ഓഫീസിലെത്തിയ ഉടൻ ബോധരഹിതനായി വീഴുകയുമായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ സോഡിയത്തിന്റെ അളവ് അപകടകരമായ രീതിയിൽ കുറഞ്ഞതാണ് തളർച്ചയ്ക്ക് കാരണമായതെന്ന് കണ്ടെത്തിയത്.രാവിലെ ഭക്ഷണം കഴിക്കാതിരുന്നതും ഉച്ചയ്ക്ക് ഉപ്പ് കുറഞ്ഞ ലഘുഭക്ഷണം മാത്രം കഴിച്ചതും സ്ഥിതി വഷളാക്കി. അമിതമായി വെള്ളം കുടിച്ചപ്പോൾ വിയർപ്പിലൂടെ ശരീരത്തിലെ സോഡിയം വൻതോതിൽ പുറന്തള്ളപ്പെട്ടു. രക്തത്തിൽ സോഡിയം കുറയുമ്പോൾ കോശങ്ങൾ അമിതമായി ജലം ആഗിരണം ചെയ്യുകയും ഇത് തലച്ചോറിന്റെ വീക്കത്തിന് വരെ കാരണമാവുകയും ചെയ്യാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അതീവ ഗുരുതരമായ അവസ്ഥയാണിത്.


വേനൽക്കാലത്ത് വെള്ളം കുടിക്കുന്നത് അത്യാവശ്യമാണെങ്കിലും അത് ശരീരത്തിന് ആവശ്യമായ അളവിൽ മാത്രമായിരിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. വെള്ളത്തോടൊപ്പം ശരീരത്തിന് ആവശ്യമായ ലവണങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒഴിഞ്ഞ വയറ്റിൽ വെറും വെള്ളം മാത്രം കുടിക്കുന്നത് ഒഴിവാക്കണമെന്നും കൃത്യമായ ഇടവേളകളിൽ ലവണാംശമുള്ള ഭക്ഷണവും പാനീയങ്ങളും ഉൾപ്പെടുത്തണമെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.




Feedback and suggestions