ചരിത്രം കുറിച്ച് പോളിംഗ്; തമിഴ്നാട്ടിൽ 85 ശതമാനവും ബംഗാളിൽ 90 ശതമാനവും പോളിംഗ് രേഖപ്പെടുത്തി


23, April, 2026
Updated on 23, April, 2026 2


തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും ബംഗാളിലെ ഒന്നാം ഘട്ട വോട്ടെടുപ്പിലും വോട്ടർമാരുടെ വൻ പങ്കാളിത്തം. വൈകിട്ട് ആറ് മണി വരെ തമിഴ്നാട്ടിൽ 85 ശതമാനത്തോളം വോട്ട് രേഖപ്പെടുത്തി ചരിത്രം കുറിച്ചു. 4.7 കോടി വോട്ടർമാരാണ് തമിഴ്നാട്ടിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, എടപ്പാടി പളനിസാമി തുടങ്ങിയ പ്രമുഖർ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തി. അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ തമിഴ്നാട്ടിൽ വോട്ടെടുപ്പ് സമാധാനപരമായാണ് പൂർത്തിയായത്.


ബംഗാളിലെ 152 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ വോട്ടർമാർ ഒഴുകിയെത്തിയതോടെ പോളിംഗ് 90 ശതമാനത്തിലേക്ക് അടുക്കുകയാണ്. പല ബൂത്തുകളിലും രാവിലെ മുതൽ തന്നെ സ്ത്രീകളുടെ വലിയ നിര ദൃശ്യമായിരുന്നു. എന്നാൽ, പോളിംഗിനിടെ പലയിടങ്ങളിലും തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബിജെപി സ്ഥാനാർത്ഥികൾക്ക് നേരെ ആക്രമണമുണ്ടായതായും വാഹനങ്ങൾ തകർത്തതായും പരാതിയുണ്ട്. സംഘർഷം നിയന്ത്രിക്കാൻ കനത്ത സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്.


രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. വോട്ടർമാരെ ആകർഷിക്കാൻ വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച മോദി, തൃണമൂലിന്റെ ഭരണം അവസാനിക്കാൻ പോകുകയാണെന്നും അഭിപ്രായപ്പെട്ടു. എന്നാൽ ബംഗാളിൽ പട്ടാള ഭരണത്തിന് സമാനമായ അവസ്ഥയാണെന്ന് ടിഎംസി കുറ്റപ്പെടുത്തി. പോളിംഗ് ശതമാനത്തിലുണ്ടായ വൻ വർദ്ധനവ് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരു സംസ്ഥാനങ്ങളിലെയും പ്രമുഖ മുന്നണികൾ




Feedback and suggestions