സംസ്ഥാനത്ത് പാല്‍ വില വീണ്ടും വർധിക്കാൻ സാധ്യത. മില്‍മ പാല്‍ വില വർധിപ്പിക്കുന്നത് സംബന്ധിച്ച നിർണ്ണായക തീരുമാനം ഈ മാസം 29-ന് ചേരുന്ന മില്‍മ ഡയറക്ടർ ബോർഡ് യോഗത്തിലുണ്ടാകും.ലിറ്ററിന് ആറ് രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് മില്‍മയുടെ പ്രധാന ആവശ്യം. വില വർദ്ധനവ് നടപ്പിലാക്കാൻ വൈകുന്നതില്‍ പ്രതിഷേധിച്ച് മില്‍മ ആസ്ഥാനത്തിന് മുന്നില്‍ ഡയറക്ടർ ബോർഡ് അംഗങ്ങള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ക്ഷീരകർഷകർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും കാലിത്തീറ്റ ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റവുമാണ് പാല്‍ വില വർധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
അതേസമയം, പാല്‍ വില വർദ്ധന അനിവാര്യമാണെന്ന് മില്‍മ ചെയർമാൻ കെ.എസ് മണി വ്യക്തമാക്കി. വില വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാരിന് വീണ്ടും കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ നിയമമനുസരിച്ച് പാല്‍ വില നിശ്ചയിക്കാനുള്ള അധികാരം മില്‍മയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ ഉപഭോക്താക്കളെ വലിയ രീതിയില്‍ ബാധിക്കാത്ത വിധം വില വർദ്ധനവ് എങ്ങനെ നടപ്പിലാക്കാം എന്നതിലാകും ഡയറക്ടർ ബോർഡ് ചർച്ച നടത്തുക. വരും ദിവസങ്ങളില്‍ സർക്കാർ നിലപാട് കൂടി പരിഗണിച്ച ശേഷമാകും അന്തിമ പ്രഖ്യാപനം. പാല്‍ വില വർധിച്ചാല്‍ അത് ഹോട്ടല്‍ ഭക്ഷണത്തെയും പാല്‍ ഉല്‍പ്പന്നങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാർ. കർഷകർക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാൻ വില വർദ്ധനവല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന നിലപാടിലാണ് മില്‍മ ഭരണസമിതി.