13, April, 2026
Updated on 13, April, 2026 0
ന്യൂഡൽഹി :
വനിതാ സംവരണ നിയമത്തിലെ ഭേദഗതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തതോടെ ഇന്ത്യൻ പാർലമെന്റ് പുതിയൊരു ചരിത്രം സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21-ാം നൂറ്റാണ്ടിലെ വിപ്ലവകരമായ തീരുമാനമാണ് വനിതാ സംവരണ നിയമം എന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന 'നാരിശക്തി വന്ദൻ അധിനിയം' രാജ്യത്തിന്റെ വികസന കുതിപ്പിന് കരുത്തേകുമെന്നും ന്യൂഡൽഹിയിൽ നടന്ന 'നാരിശക്തി വന്ദൻ സമ്മേളനത്തിൽ' പ്രധാനമന്ത്രി അറിയിച്ചു.പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന വനിതാ സംവരണം യാഥാർത്ഥ്യമാക്കിയത് രാഷ്ട്രീയത്തിനതീതമായ ദീർഘവീക്ഷണത്തോടെയാണെന്ന് മോദി പറഞ്ഞു. 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ നിയമം കേവലം ഒരു നിയമനിർമ്മാണമല്ല, മറിച്ച് സ്ത്രീകൾ നയിക്കുന്ന വികസനം എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണ്. ഏപ്രിൽ 16 മുതൽ പാർലമെന്റിൽ നടക്കാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.