10, April, 2026
Updated on 10, April, 2026 6
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. ഇതേത്തുടർന്ന് ബിഹാറിൽ പുതിയ ഭരണനേതൃത്വത്തെ നിശ്ചയിക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് എൻഡിഎ സഖ്യം. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഈ മാസം 13-ന് പറ്റ്നയിൽ എൻഡിഎ യോഗം ചേരും. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ, നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 16-ന് നടക്കാനാണ് സാധ്യത.
ബിഹാറിലെ രാഷ്ട്രീയ മാറ്റങ്ങൾ ചർച്ച ചെയ്യുന്നതിനായി ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നുണ്ട്. ബിഹാറിലേക്ക് മടങ്ങുന്നതിന് മുൻപ് പ്രധാന ബിജെപി നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തും. അതേസമയം, ബിഹാറിൽ നടക്കുന്നത് അധികാരത്തിന് വേണ്ടിയുള്ള കസേരകളിയാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിമർശിച്ചു. ബിജെപിയും ജെഡിയുവും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കമുണ്ടെന്നും ഭരണമുന്നണിയിൽ അസ്ഥിരതയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.