യഥാർത്ഥ കരാറിലെത്തുന്നതുവരെ യുഎസ് സൈനിക ആസ്തികൾ ഇറാനിലും പരിസരത്തും തുടരും: ട്രംപ്


9, April, 2026
Updated on 9, April, 2026 2


ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിലിരിക്കെ, ഇറാനെതിരെ പുതിയ യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു അന്തിമ കരാറിലെത്തുന്നതുവരെ അമേരിക്കൻ സൈന്യം ഇറാനിലും പരിസര പ്രദേശങ്ങളിലും തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഏപ്രിൽ ഒമ്പതിന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ് നൽകിയത്. നിലവിലെ വെടിനിർത്തൽ വെറും താൽക്കാലികം മാത്രമാണെന്നും വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ മാറിമറിഞ്ഞേക്കാമെന്നും അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.


ഇറാൻ പൂർണ്ണമായും അന്തിമ കരാർ വ്യവസ്ഥകൾ അംഗീകരിക്കുന്നത് വരെ അമേരിക്കൻ സൈനിക കപ്പലുകളും വിമാനങ്ങളും സൈനിക ഉദ്യോഗസ്ഥരും മേഖലയിൽ നിലയുറപ്പിക്കുമെന്ന് ട്രംപ് പോസ്റ്റിൽ പറഞ്ഞു. ഗണ്യമായ തകർച്ച നേരിട്ട ശത്രുവിനെ മാരകമായി ശിക്ഷിക്കുന്നതിനും നശിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ വെടിക്കോപ്പുകളും ആയുധങ്ങളും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ പൂർണ്ണമായും പാലിക്കപ്പെടുന്നതുവരെ ഒരു വിട്ടുവീഴ്ചയ്ക്കും അമേരിക്ക തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് ട്രംപ് നൽകുന്നത്.


പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ ട്രംപ് നടത്തിയ ഈ പ്രകോപനപരമായ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ തകർന്നടിഞ്ഞ ഇറാനെതിരെ സൈനിക നീക്കം തുടരുമെന്ന ഭീഷണി വെടിനിർത്തൽ കരാറിന്റെ ഭാവിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ട്രംപിന്റെ പുതിയ നിലപാടിനോട് ഇറാൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, മേഖലയിൽ വീണ്ടും യുദ്ധഭീതി നിഴലിക്കുകയാണ്. അമേരിക്കയുടെ ഈ നീക്കം സമാധാന ചർച്ചകളെ എങ്ങനെ ബാധിക്കുമെന്നാണ് ലോകരാജ്യങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.




Feedback and suggestions