അമേരിക്കൻ ഉപരോധത്തെ വെല്ലുവിളിച്ച് റഷ്യൻ ആഡംബര കപ്പൽ ഹോർമുസ് കടന്നു


28, April, 2026
Updated on 28, April, 2026 60


അമേരിക്കൻ ഉപരോധങ്ങളെ നിഷ്പ്രഭമാക്കി റഷ്യൻ കോടീശ്വരൻ അലക്സി മൊർദാഷോവിന്റെ ഉടമസ്ഥതയിലുള്ള നോർഡ് എന്ന ആഡംബര നൗക തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ യാത്ര നടത്തി. ഏകദേശം 4,200 കോടി രൂപ വിലമതിക്കുന്ന ഈ സൂപ്പർയാച്ച്, അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കിടയിലും വെള്ളിയാഴ്ച രാത്രി ദുബായിൽ നിന്ന് പുറപ്പെട്ട് ഒമാൻ തലസ്ഥാനമായ മസ്കത്തിലെ അൽ മൗജ് മറീനയിൽ സുരക്ഷിതമായി എത്തിച്ചേർന്നു. മേഖലയിൽ അമേരിക്കൻ നിയന്ത്രണങ്ങൾ കടുക്കുന്ന സാഹചര്യത്തിൽ റഷ്യൻ പതാകയേന്തിയ കപ്പലിന്റെ ഈ നീക്കം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.


യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയ വ്യക്തിയാണ് വ്ളാദിമിർ പുടിന്റെ അടുത്ത അനുയായിയായ അലക്സി മൊർദാഷോവ്. മുൻപ് ഹോങ്കോങ്ങും മാലിദ്വീപും ഈ കപ്പൽ പിടിച്ചെടുക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. നിലവിൽ ഈ ആഡംബര നൗക മൊർദാഷോവിന്റെ ഭാര്യയുടെ പേരിലുള്ള കമ്പനിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്തിയാണ് ഉപരോധങ്ങളിൽ നിന്ന് കപ്പലിനെ സംരക്ഷിക്കുന്നതെന്നാണ് സൂചന.ഹോർമുസ് കടലിടുക്കിലെ ഈ നീക്കം ഇറാനും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും തമ്മിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ സംഭവം അരങ്ങേറുന്നത്. അമേരിക്കൻ-ഇസ്രയേൽ നീക്കങ്ങൾക്കെതിരെ ഇറാന്റെ പരമാധികാരത്തിന് പൂർണ്ണ പിന്തുണ നൽകുന്ന നിലപാടാണ് നിലവിൽ പുടിൻ സ്വീകരിച്ചിരിക്കുന്നത്.ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ വിപണിയെയും ബാധിച്ചിട്ടുണ്ട്. ലോകത്തെ മൊത്തം ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ മേഖലയിലെ നിയന്ത്രണങ്ങൾ കാരണം ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 109 ഡോളറായി ഉയർന്നു. സംഘർഷം നിലനിൽക്കുന്നതിനാൽ മിക്ക സ്വകാര്യ കപ്പലുകളും ഈ പാത ഒഴിവാക്കുമ്പോഴാണ് റഷ്യൻ ആഡംബര നൗക വെല്ലുവിളികൾ അതിജീവിച്ച് യാത്ര പൂർത്തിയാക്കിയത്.




Feedback and suggestions