സൈനിക നീക്കമല്ല, ‘സാമ്പത്തിക ഉപരോധം’; ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപിന്റെ പുതിയ തന്ത്രം


29, April, 2026
Updated on 29, April, 2026 0


ഇറാനുമായുള്ള തർക്കത്തിൽ നേരിട്ടുള്ള സൈനിക ആക്രമണത്തിന് പകരം ദീർഘകാല സാമ്പത്തിക ഉപരോധത്തിലൂടെ രാജ്യത്തെ തളർത്താൻ അമേരിക്കൻ നീക്കം. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനും വരുമാന സ്രോതസ്സുകൾ തകർക്കാനും ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഹായികൾക്ക് നിർദ്ദേശം നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ചാണ് അമേരിക്കയുടെ നീക്കങ്ങൾ. ഈ പാതയിലൂടെയുള്ള ഇറാന്റെ എണ്ണക്കപ്പലുകളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിലൂടെ രാജ്യത്തിന്റെ ഏക വരുമാന മാർഗ്ഗമായ എണ്ണ കയറ്റുമതി തടയുകയാണ് ലക്ഷ്യം. അമേരിക്ക ഉപരോധം കർശനമായതോടെ ഇറാന്റെ എണ്ണ വരുമാനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കയറ്റുമതി നിലയ്ക്കുകയും ഉത്പാദനം തുടരുകയും ചെയ്യുന്നതോടെ എണ്ണ സംഭരിക്കാൻ ഇടമില്ലാതെ ഇറാൻ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിലെ കണക്കുകൾ പ്രകാരം 12 മുതൽ 22 ദിവസത്തേക്ക് മാത്രമുള്ള സംഭരണശേഷി മാത്രമേ ഇനി ഇറാനിൽ അവശേഷിക്കുന്നുള്ളൂ. പ്രതിസന്ധി മറികടക്കാൻ ‘എം/ടി നാഷ’ പോലുള്ള പഴയ ‘ഗോസ്റ്റ് ഷിപ്പുകളെ’ കടലിൽ താൽക്കാലിക സംഭരണ കേന്ദ്രങ്ങളായി ഇറാൻ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങാതെ തന്നെ ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് അമേരിക്കയുടെ ശ്രമം. ഉപരോധം തുടരുന്നത് ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ചയ്ക്കും പണപ്പെരുപ്പത്തിനും കാരണമാകും. ഇറാന്റെ വരുമാനം കുറയ്ക്കുന്നതിലൂടെ ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാമെന്നും ഇത് സൈനിക നീക്കത്തേക്കാൾ ഫലപ്രദമാകുമെന്നുമാണ് അമേരിക്കയുടെ വിലയിരുത്തൽ.




Feedback and suggestions