ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം


29, April, 2026
Updated on 29, April, 2026 2


ആയുധങ്ങൾ കൊണ്ട് കീഴടക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള നീക്കങ്ങളുമായി അമേരിക്ക മുന്നോട്ട്. ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിക്കാൻ സഹായിച്ച 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ ശൃംഖലയെ തകർക്കുകയാണ് അമേരിക്കൻ ട്രഷറി വകുപ്പിന്റെ ലക്ഷ്യം. ഭീകരവാദ പ്രവർത്തനങ്ങൾക്കും ഉപരോധങ്ങൾ മറികടന്ന് കോടിക്കണക്കിന് ഡോളർ കൈമാറുന്നതിനും ഈ ശൃംഖല ഇറാനെ സഹായിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.


ഇറാന്റെ സായുധ സേനയ്ക്കും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങൾ ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന ശൃംഖലകളെയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അനധികൃത എണ്ണ വിൽപ്പനയിലൂടെ പണം സ്വീകരിക്കുന്നതിനും മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ വാങ്ങുന്നതിനും ഈ രഹസ്യ ബാങ്കിംഗ് സംവിധാനം സഹായിച്ചുവെന്ന് അമേരിക്ക ആരോപിക്കുന്നു. കൂടാതെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്കായി ഇറാൻ സർക്കാരിനോ ഐആർജിസിക്കോ ‘ടോൾ’ നൽകുന്ന കമ്പനികൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി.ഇറാന്റെ സൈനിക ആവശ്യങ്ങൾക്കായി പണം എത്തിക്കുന്ന ഈ സംവിധാനം മധ്യേഷ്യയിലെ സമാധാനം തകർക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് കുറ്റപ്പെടുത്തി. പുതിയ ഉപരോധം ഏർപ്പെടുത്തിയതോടെ പട്ടികയിലുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കയിലുള്ള സ്വത്തുക്കൾ മരവിപ്പിക്കപ്പെടും. ഇവർക്കൊപ്പം ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടത്തുന്നതിൽ നിന്ന് അമേരിക്കൻ പൗരന്മാരെയും സ്ഥാപനങ്ങളെയും കർശനമായി വിലക്കിയിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയാണ് ഈ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.




Feedback and suggestions