8, April, 2026
Updated on 8, April, 2026 49
കൊൽക്കത്ത വിമാനത്താവളത്തിൽ പരിശോധനയ്ക്കായി നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ കാറ്ററിങ് വാഹനം ഇടിച്ചു. വിമാനത്താവളത്തിലെ 51-ാം നമ്പർ പാർക്കിങ് ബേയിൽ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം വിമാനത്തിന്റെ എൻജിനിൽ പോയി ഇടിക്കുകയായിരുന്നു. അപകടത്തിൽ വിമാനത്തിന് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് സർവീസ് നടത്താനിരുന്ന 6E 6663 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെത്തുടർന്ന് വിമാനം വിശദമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി മാറ്റിയിരിക്കുകയാണെന്ന് ഇൻഡിഗോ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അപകടസമയത്ത് വിമാനത്തിൽ യാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിമാനത്താവള അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.