തൊട്ടാൽ കത്തും! ദമാവന്ത് മുതൽ ബുഷെഹർ വരെ; അമേരിക്ക ലക്ഷ്യമിടുന്ന ഇറാന്റെ ഊർജ്ജ സാമ്രാജ്യം


7, April, 2026
Updated on 7, April, 2026 5


ലോകത്തിന്റെ ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്കിന് മുകളിൽ യുദ്ധത്തിന്റെ കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം വെറുമൊരു നയതന്ത്ര മുന്നറിയിപ്പല്ല മറിച്ച് ഒൻപത് കോടിയിലധികം വരുന്ന ഒരു ജനതയുടെ ജീവിത താളത്തെ ഇരുട്ടിലാഴ്ത്താനുള്ള പരസ്യമായ വെല്ലുവിളിയാണ്. ഇറാന്റെ ജീവരക്തമായ വൈദ്യുതി നിലയങ്ങളെയും തന്ത്രപ്രധാനമായ പാലങ്ങളെയും തകർക്കുമെന്ന ഈ ഭീഷണി ലോകക്രമത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു മഹാവിനാശത്തിന്റെ തുടക്കമാകുമോ? സാമ്രാജ്യത്വത്തിന്റെ അധികാര ഗർവ്വിനും ഒരു ജനതയുടെ നിശ്ചയദാർഢ്യത്തിനുമിടയിൽ ഹോർമുസ് മുനമ്പ് ഇന്ന് ഒരു അഗ്നിപർവ്വതമായി മാറിയിരിക്കുന്നു.


ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ തെക്കുകിഴക്കായി പാക്ദാഷ്ത് മേഖലയിൽ സ്ഥിതി ചെയ്യുന്ന ദമാവന്ത് പവർ പ്ലാന്റ് ആ രാജ്യത്തിന്റെ നിലനിൽപ്പിന്റെ നട്ടെല്ലാണ്. ഏകദേശം 2,868 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ഈ കൂറ്റൻ പ്ലാന്റ് മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ താപവൈദ്യുത നിലയങ്ങളിൽ ഒന്നാണ്. അത്യാധുനികമായ ‘കംബൈൻഡ് സൈക്കിൾ’ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. പ്രകൃതിവാതകം കത്തുമ്പോൾ ഉണ്ടാകുന്ന ഊർജ്ജത്തിന് പുറമെ, അതിൽ നിന്നുള്ള അവശിഷ്ട ചൂട് ഉപയോഗിച്ച് സ്റ്റീം ടർബൈനുകൾ കൂടി പ്രവർത്തിപ്പിച്ച് പരമാവധി ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ ഈ പ്ലാന്റിന് സാധിക്കുന്നു.അമേരിക്കയുടെ സൈനിക ഭീഷണികളിൽ ദമാവന്ത് പ്രധാന ലക്ഷ്യമാകുന്നതിന് പിന്നിൽ വ്യക്തമായ തന്ത്രങ്ങളുണ്ട്. രണ്ട് ദശലക്ഷത്തിലധികം വീടുകളിലേക്ക് വെളിച്ചമെത്തിക്കുന്നത് ഈ ഒരു പ്ലാന്റാണ്. ടെഹ്‌റാനിലെ പ്രധാന ആശുപത്രികൾ, വ്യവസായ ശാലകൾ, വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവയെല്ലാം നേരിട്ടോ അല്ലാതെയോ ഇതിനെയാണ് ആശ്രയിക്കുന്നത്.


ഇറാന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ബുഷെഹർ ആണവ നിലയം ഇറാന്റെ ശാസ്ത്രസാങ്കേതിക മികവിന്റെ പ്രതീകമാണ്. 1,000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ റിയാക്ടർ രാജ്യത്തിന് ആവശ്യമായ ശുദ്ധമായ ഊർജ്ജം നൽകുന്നു. എന്നാൽ ഈ സിവിലിയൻ ആണവ നിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ഭീഷണികൾ അതീവ ഗുരുതരമാണ്. ഒരു ആണവ നിലയത്തിന് നേരെയുള്ള സൈനിക നീക്കം അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. അത്തരമൊരു ആക്രമണം ഉണ്ടായാൽ സംഭവിക്കാവുന്ന റേഡിയോ ആക്ടീവ് ചോർച്ച ഇറാന്റെ അതിർത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങില്ല. പേർഷ്യൻ ഗൾഫിലെ കാറ്റിന്റെ ഗതിക്കും സമുദ്രപ്രവാഹങ്ങൾക്കും അനുസരിച്ച് ഈ മലിനീകരണം അയൽരാജ്യങ്ങളായ കുവൈറ്റ്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്. ഇതൊരു ആഗോള പാരിസ്ഥിതിക ദുരന്തത്തിന് വഴിവെക്കും.


ഫോസിൽ ഇന്ധനങ്ങൾക്ക് പുറമെ പ്രകൃതിദത്തമായ ജലസ്രോതസ്സുകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇറാൻ കെട്ടിപ്പടുത്ത ഊർജ്ജശൃംഖല വിപുലമാണ്. തെക്കുപടിഞ്ഞാറൻ ഇറാനിലെ കരുൺ നദിക്ക് കുറുകെയുള്ള കരുൺ-3 പോലുള്ള കൂറ്റൻ അണക്കെട്ടുകൾ 2,000 മെഗാവാട്ടിലധികം വൈദ്യുതിയാണ് ദേശീയ ഗ്രിഡിലേക്ക് നൽകുന്നത്. ഈ അണക്കെട്ടുകൾ തകർക്കുമെന്ന ഭീഷണി വൻതോതിലുള്ള പ്രളയത്തിനും കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനും കാരണമാകും.ഇതിനോടൊപ്പം വടക്കൻ ഇറാനിലെ ഷാഹിദ് സാലിമി (നെക) പവർ പ്ലാന്റും ഖസ്‌വിനിലെ ഷാഹിദ് രാജീ പ്ലാന്റും ഇറാന്റെ ഊർജ്ജ ഭൂപടത്തിലെ നിർണ്ണായക കേന്ദ്രങ്ങളാണ്. ഗ്യാസും ഓയിലും മാറി മാറി ഉപയോഗിക്കാൻ കഴിയുന്ന ഇത്തരം പ്ലാന്റുകൾ ഏത് പ്രതിസന്ധി ഘട്ടത്തിലും ഉൽപ്പാദനം തുടരാൻ ഇറാനെ സഹായിക്കുന്നു. ഇറാന്റെ ഗ്രിഡ് മാനേജ്‌മെന്റ് കമ്പനി നിയന്ത്രിക്കുന്ന ഈ വിപുലമായ ശൃംഖല മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ വൈദ്യുതി വിതരണ സംവിധാനങ്ങളിൽ ഒന്നാണ്.


ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമുള്ള ഇറാൻ, തങ്ങളുടെ വൈദ്യുതിയുടെ 90 ശതമാനവും സ്വന്തം ഇന്ധനം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ പുറത്തുനിന്നുള്ള എണ്ണ വിതരണത്തെ ഇറാൻ ഭയക്കുന്നില്ല. ശൈത്യകാലത്ത് വാതക ലഭ്യത കുറയുമ്പോൾ പോലും ഡീസൽ, ഇന്ധന എണ്ണ എന്നിവയിലേക്ക് മാറി ഉൽപ്പാദനം തുടരാൻ അവർക്ക് സാധിക്കുന്നു. ഈ സ്വയംപര്യാപ്തതയാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്.


സിവിലിയൻ പാലങ്ങളും (ഉദാഹരണത്തിന് കരാജ് നഗരത്തിലെ ബി 1 പാലം) പവർ പ്ലാന്റുകളും ആക്രമിക്കുന്നത് ‘കൂട്ടായ ശിക്ഷ’ എന്ന ഗണത്തിൽ പെടുന്നു. ഇത് ജനീവ കരാറുകളുടെ ലംഘനമാണ്. ഒരു ജനതയെ പട്ടിണിക്കിട്ടും ഇരുട്ടിലാഴ്ത്തിയും കീഴടക്കാം എന്നത് സാമ്രാജ്യത്വത്തിന്റെ പഴയ തന്ത്രമാണ്. എന്നാൽ, ഇറാന്റെ വൈദ്യുത നിലയങ്ങൾ വെറും കോൺക്രീറ്റ് കെട്ടിടങ്ങളല്ല, മറിച്ച് ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഒരു രാജ്യത്തിന്റെ നിശ്ചയദാർഢ്യമാണ്. അമേരിക്കയുടെ ഈ കടന്നുകയറ്റത്തിനെതിരെ ഇറാൻ നടത്തുന്ന പ്രതിരോധം നീതിക്കും പരമാധികാരത്തിനും വേണ്ടിയുള്ള പോരാട്ടമാണ്.




Feedback and suggestions