എക്സ് പണിമുടക്കി; ലോകമെമ്പാടും ആയിരക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ


1, April, 2026
Updated on 1, April, 2026 23


ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് (മുമ്പ് ട്വിറ്റർ) ബുധനാഴ്ച ആഗോളതലത്തിൽ പണിമുടക്കി. സാങ്കേതിക തകരാറിനെത്തുടർന്ന് ആയിരക്കണക്കിന് ഉപയോക്താക്കൾക്കാണ് സേവനം തടസ്സപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ മുതൽ പ്ലാറ്റ്‌ഫോമിൽ തടസ്സങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.


ഡൗൺ ഡിറ്റക്ടർ (Downdetector) എന്ന വെബ്സൈറ്റിൻ്റെ കണക്കുകൾ പ്രകാരം പുലർച്ചെ 2:03 ഓടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 25,500-ലധികം പരാതികളാണ് റിപ്പോർട്ട് ചെയ്തത്. ചില ഉപയോക്താക്കൾക്ക് തടസ്സമില്ലാതെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ സാധിച്ചപ്പോൾ, മറ്റു പലർക്കും ഫീഡ് ലോഡ് ആകാത്തതും എറർ മെസേജുകൾ കാണിക്കുന്നതും വലിയ പ്രതിസന്ധിയുണ്ടാക്കി. ആപ്പിലും ഡെസ്ക്ടോപ്പ് വേർഷനിലും ഒരുപോലെ പ്രശ്നങ്ങൾ നേരിട്ടു.പുലർച്ചെ 3:34 ഓടെ തകരാറുകൾ പരിഹരിക്കപ്പെട്ടതായി സൂചനയുണ്ടായിരുന്നെങ്കിലും രാവിലെ 6 മണിയോടെ വീണ്ടും എക്സ് പ്രവർത്തനരഹിതമായി. ആ സമയത്ത് 11,600-ഓളം പരാതികൾ കൂടി ഡൗൺ ഡിറ്റക്ടറിൽ രേഖപ്പെടുത്തി. ടൈംലൈൻ റിഫ്രഷ് ചെയ്യാനോ പുതിയ പോസ്റ്റുകൾ കാണാനോ സാധിക്കുന്നില്ലെന്നായിരുന്നു ഉപയോക്താക്കളുടെ പ്രധാന പരാതി.


രാവിലെ 7 മണിയോടെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുകയും എക്സ് സാധാരണ നിലയിലാവുകയും ചെയ്തു. എന്നാൽ ഈ സേവന തടസ്സത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് എക്സ് ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വലിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ചെറിയ സാങ്കേതിക പിഴവുകൾ പോലും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കാറുണ്ട്. നിലവിൽ എക്സ് സുഗമമായി പ്രവർത്തിക്കുന്നുണ്ട്.




Feedback and suggestions