29, March, 2026
Updated on 29, March, 2026 3
ക്രിസ്തുദേവൻ കുരിശിലേറ്റപ്പെടുന്നതിന് മുൻപ് കഴുതപ്പുറത്തേറി ജറുസലേമിലേക്ക് വന്നപ്പോള്‍, ജനങ്ങള്‍ ഒലിവ് മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് 'ദാവീദിന്റെ പുത്രന് ഓശാന' പാടി വരവേറ്റ സംഭവത്തെ അനുസ്മരിച്ചാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.വലിയ നോയമ്പിലെ ഏറ്റവും ഭക്തിസാന്ദ്രമായ വിശുദ്ധ വാരത്തിന് ഈ ദിനത്തിലൂടെ തുടക്കമാവുകയാണ്.ലോകം കണ്ടിട്ടുള്ള രാജാക്കന്മാരെല്ലാം കുതിരപ്പുറത്തും തേരിലുമായി സൈന്യത്തിന്റെ അകമ്പടിയോടെ അധികാരം പ്രകടിപ്പിച്ചപ്പോള്‍, യേശു തിരഞ്ഞെടുത്തത് സമാധാനത്തിന്റെ പ്രതീകമായ ഒരു കഴുതക്കുട്ടിയെയായിരുന്നു.ഭൗതികമായ അധികാരത്തേക്കാള്‍ ഉപരിയായി, സ്നേഹത്തിലൂടെയും വിനയത്തിലൂടെയും മനുഷ്യഹൃദയങ്ങള്‍ കീഴടക്കാം എന്ന വലിയ പാഠമാണ് ഓശാന നല്‍കുന്നത്.ഓശാന' എന്ന വാക്കിനർത്ഥം "ഞങ്ങളെ രക്ഷിക്കണമേ" എന്നാണ്ഓശാന പെരുന്നാളിന് കുരുത്തോലകളും പൂക്കളുമായാണ് ആളുകള്‍ പള്ളികളില്‍ പോകുന്നത്. പുരാതന കാലത്ത് ഈന്തപ്പനയോലകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് വിജയത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീകമായിരുന്നു.കേരളത്തില്‍ തെങ്ങിൻ്റെ ഓലയാണ് കുരുത്തോലയായി. പള്ളികളില്‍ വെഞ്ചരിച്ച അല്ലെങ്കില്‍ പ്രാർത്ഥിച്ച ഈ കുരുത്തോലകള്‍ വിശ്വാസികള്‍ വീടുകളില്‍ സൂക്ഷിക്കും. കത്തോലിക്കാ സഭ വിശ്വാസികള്‍ അത് അടുത്ത വർഷത്തെ നോമ്പിനോടനുബന്ധിച്ചുള്ള വിഭൂതി ബുധനാഴ്ച ഇവ കത്തിച്ച് ആ ചാരം നെറ്റിയില്‍ പൂശുകയും ചെയ്യുന്നു.എന്നാല്‍ ഓർത്തോഡോക്സ് , യാക്കോബായ സഭ വിശ്വാസികളും, സിറിയൻ വിശ്വാസികളും ക്രിസ്മസിന്റെ തീജ്വാല ശുശ്രുഷയില്‍ ഇത് കത്തിക്കുകയും ചെയ്യും.ഇന്ന് വൈകുന്നേരത്തോടെ വിശുദ്ധ വാരത്തിൻ്റെ പ്രാർത്ഥനകൾക്ക് തുടക്കമാവും
.