28, March, 2026
Updated on 28, March, 2026 5
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ പരിഷ്കാരം അനുസരിച്ച് വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ നാല് വിഭാഗങ്ങളായി തരംതിരിച്ച് വേണം കൈമാറാൻ. ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടുന്ന ജൈവ മാലിന്യം, പ്ലാസ്റ്റിക്-ലോഹങ്ങൾ അടങ്ങിയ അജൈവ മാലിന്യം, സാനിറ്ററി പാഡുകളും ഡയപ്പറുകളും ഉൾപ്പെടുന്ന മൂന്നാം വിഭാഗം, ബാറ്ററികളും മരുന്നുകളും പോലുള്ള പ്രത്യേക ശ്രദ്ധ വേണ്ട മാലിന്യങ്ങൾ എന്നിവയാണവ. ഈ മാറ്റങ്ങൾക്കനുസരിച്ച് ഹരിതകർമ്മ സേനയുടെ പ്രവർത്തന രീതികളിലും വലിയ മാറ്റമുണ്ടാകും.
മാലിന്യ ശേഖരണവും സംസ്കരണവും കൃത്യമായി നിരീക്ഷിക്കുന്നതിനായി കേന്ദ്രീകൃത ഓൺലൈൻ പോർട്ടലും ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കും. ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ തരംതിരിക്കുന്നത് സംസ്കരണ പ്രക്രിയ കൂടുതൽ ശാസ്ത്രീയമാക്കാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനും സഹായിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പൊതുജനങ്ങൾക്ക് ഇതിനോടകം തന്നെ പുതിയ രീതികളെക്കുറിച്ച് ബോധവൽക്കരണം നൽകിത്തുടങ്ങിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.