എൽപിജി പ്രതിസന്ധി: അടിയന്തര നടപടികളുമായി കേന്ദ്രം


23, March, 2026
Updated on 23, March, 2026 2


ന്യൂഡൽഹി: എൽപിജി പ്രതിസന്ധിയിൽ അടിയന്തര നടപടികളുമായി കേന്ദ്രം. ഹ്രസ്വകാല ദീർഘകാല പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അവശ്യവസ്തു ക്ഷാമം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.അമേരിക്കയിലെ ടെക്സസിൽ നിന്നും ഇന്നലെ മംഗലാപുരം തുറമുഖത്തെത്തിയ എൽപിജി നിലവിലെ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ വൈകിട്ട് യോഗം ചേർന്നത്. മന്ത്രിതല സെക്രട്ടറിതല സമിതികൾ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. സംസ്കൃത വസ്തുക്കൾക്ക് ബദൽ വഴി തേടും, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയും, രാസവള ലഭ്യത ഉറപ്പാക്കുന്നതും യോഗത്തിൽ ചർച്ച ചെയ്തു.രാജ്യത്തുടനീളം തടസ്സമില്ലാത്ത വിതരണം, സ്ഥിരതയുള്ള ലോജിസ്റ്റിക്‌സ്, കാര്യക്ഷമമായ വിതരണം എന്നിവ ഉറപ്പാക്കുകയിരുന്നു യോഗത്തിന്റെ ലക്ഷ്യം. പുതുതായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഉപഭോക്തൃ, വ്യവസായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ആഗോള സംഭവവികാസങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ടെക്സസിൽ നിന്നും ഇന്നലെ മംഗലാപുരം തുറമുഖത്ത് എൽപിജി എത്തിയിരുന്നു. അമേരിക്കൻ കപ്പലിനു മുൻപായി റഷ്യൻ എണ്ണയുമായി 'അക്വാ ടൈറ്റൻ' എന്ന കപ്പലും മംഗലാപുരത്ത് എത്തിയിട്ടുണ്ട് . കപ്പലിന്റെ വലിപ്പക്കൂടുതൽ കാരണം ഇത് തുറമുഖത്ത് അടുപ്പിക്കാനായില്ല. തുറമുഖത്ത് നിന്നും 18 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. സിംഗിൾ പോയിന്റ് മൂറിങ് സംവിധാനം വഴി പൈപ്പ് ലൈനിലൂടെ എണ്ണ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡ് എത്തിക്കും. ഹോർമുസ് കടലിടുക്കിലുള്ള ഇന്ത്യയുടെ കൂടുതൽ കപ്പലുകൾ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.




Feedback and suggestions