15, March, 2026
Updated on 15, March, 2026 3
കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് തിയതിയിലെ അനിശ്ചിതത്വം മാത്രമായിരുന്നു ഇതുവരെ വിഷയം. നാളെ ഡല്‍ഹിയിലെത്തിയതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. എറണാകുളം ജില്ലയില്‍ ഒരു ഗ്രൂപ്പും ഇല്ല. ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വെക്കുന്ന കാലമൊക്കെ അസ്തമിച്ചു. ആ കാലമൊക്കെ കഴിഞ്ഞു. കേരളത്തില്‍ ഒരിടത്തും ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. നേതാക്കള്‍ ഒരുമിച്ചിരുന്ന് കൂടിയാലോചനകള്‍ നടത്തി ഓരോ സീറ്റിലേയും വിജയസാധ്യത കണക്കാക്കിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. ഒരു തര്‍ക്കവുമില്ല.
18 ാം തിയതിയായിരുന്നു തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നത്. പുതിയ സ്ഥാനാര്‍ഥികള്‍ക്ക് കുറച്ച് നാള്‍ മാത്രമേ കിട്ടൂ എന്നത് മാത്രമാണ് പ്രശ്‌നം. കടുത്ത ചൂടിലേയ്ക്കാണ് കേരളം പോകുന്നത്. അപ്പോള്‍ എത്രയും വേഗം തെരഞ്ഞെടുപ്പ് നടക്കുന്നതല്ലേ നല്ലത്. യുഡിഎഫിലെ എല്ലാ ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്ക് അര മണിക്കൂര്‍ മതി. ഇന്ന് ലീഗുമായി അരമണിക്കൂറാണ് ചര്‍ച്ച നടന്നത്. യുഡിഎഫിന്റെ കാര്യമൊക്കെ നാളെ പറയാം. ധൃതി കൂട്ടേണ്ട കാര്യമില്ലല്ലോ'', വി ഡി സതീശന്‍ പറഞ്ഞു.