12, March, 2026
Updated on 12, March, 2026 6
പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾക്ക് സ്ട്രെയ്റ്റ് ഓഫ് ഹോർമുസ് വഴി കടന്നുപോകാൻ ഇറാൻ അനുമതി നൽകി. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘച്ചിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് നിർണായക തീരുമാനമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.അതേസമയം, യുഎസ്, യൂറോപ്പ്, ഇസ്രായേൽ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണങ്ങൾ തുടരുകയാണ്. എന്നാൽ, ഇന്ത്യയുമായുള്ള ബന്ധം പരിഗണിച്ച് ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകിയെന്നാണ് റിപ്പോർട്ട്. ‘പുഷ്പക്’, ‘പരിമൾ’ എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇതിനോടകം തന്നെ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുപോയി.ഇന്നലെ രാത്രി ഒരു കപ്പൽ കടലിടുക്ക് കടന്ന് മുംബൈ തീരത്തെത്തിയെന്നും മറ്റൊരു കപ്പൽ വന്നുകൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ 28 ഇന്ത്യൻ എണ്ണ കപ്പലുകളാണ് ഹോർമുസ് കടലിടുക്കിനടുത്തായി സ്ഥിതി ചെയ്യുന്നത്.
അതേസമയം, യുദ്ധപ്രതിസന്ധിക്കിടെയും റഷ്യയിൽ നിന്നും ഇന്ധന ഇറക്കുമതിയിൽ വൻ വർദ്ധവാണ് കാണുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അമ്പത് ശതമാനം വർദ്ധനവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്തയാഴ്ചയോടെ ഇത് ഇരട്ടിയാക്കുമെന്നാണ് വിവരം.
ഇറാൻ തീരത്തെയും ഒമാനെയും വേർതിരിക്കുന്ന ഹോര്‍മുസ് കടലിടുക്ക് വഴി ലോകത്തിലെ മൊത്തം അസംസ്‌കൃത എണ്ണയുടെ ഏകദേശം 20% എല്ലാ ദിവസവും കടന്നുപോകുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എണ്ണ എത്തുന്നതും ഇതുവഴിയാണ്. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ഇന്ത്യയിൽ ഇന്ധനവില വർദ്ധനവിനും പാചകവാതക ക്ഷാമത്തിനും കാരണമായിരുന്നു. എന്നാൽ ഇറാന്റെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്.