10, March, 2026
Updated on 10, March, 2026 5
ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ പശ്ചിമേഷ്യയിൽ ശക്തമായ പുതിയ യുദ്ധതന്ത്രവുമായി ഇറാൻ രംഗത്ത്. നേരത്തെ നൽകിയിരുന്ന ലളിതമായ തിരിച്ചടി രീതികളിൽ നിന്ന് മാറി, അതീവ പ്രഹരശേഷിയുള്ള മിസൈലുകൾ ഉപയോഗിച്ച് ദീർഘകാലം നീണ്ടുനിൽക്കുന്ന വ്യോമാക്രമണം നടത്താനാണ് ഇറാന്റെ നീക്കം.
ഒരു ടണ്ണിലധികം ഭാരമുള്ള പോർമുനകൾ വഹിക്കാൻ ശേഷിയുള്ള മിസൈലുകൾ ഉപയോഗിച്ച് ശത്രുരാജ്യങ്ങളുടെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കുകയാണ് ഇറാന്റെ പുതിയ ലക്ഷ്യം. ഇസ്രയേലിന്റെ പ്രതിരോധ കവചമായ അയൺ ഡോം, ഡേവിഡ്‌സ് സ്ലിംഗ് തുടങ്ങിയ സംവിധാനങ്ങളെ മറികടക്കാൻ ഒരേസമയം വൻതോതിൽ മിസൈലുകൾ വിക്ഷേപിക്കുന്ന രീതിയാണ് ഇറാൻ സ്വീകരിക്കുന്നത്.സുപ്രധാന വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കമാൻഡ് സെന്ററുകൾ എന്നിവയെ ലക്ഷ്യമിടുന്നതിലൂടെ പരമാവധി നാശനഷ്ടങ്ങൾ വരുത്താൻ ഇറാന് സാധിക്കും. ഇതിനായി ഖോറംഷഹർ-4 പോലുള്ള അത്യാധുനിക മിസൈലുകളെയാണ് അവർ പ്രധാനമായും ആശ്രയിക്കുന്നത്. ഇറാന്റെ ഈ തന്ത്രപരമായ മാറ്റം പശ്ചിമേഷ്യയിലെ പ്രതിരോധ സമവാക്യങ്ങളെ തന്നെ മാറ്റിമറിക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ നൽകുന്ന മുന്നറിയിപ്പ്.